തിരുവനന്തപുരം > തിരുവനന്തപുരം പാലോട് നവവധു മരിച്ച സംഭവത്തിൽ ഭർത്താവ് അഭിജിത്തിന്റെ സുഹൃത്ത് അജാസ് കസ്റ്റഡിയിൽ. ചോദ്യം ചെയ്യലിനിടെ ഇന്ദുജയെ സുഹൃത്തായ അജാസ് മർദിച്ചിരുന്നെന്ന് ഭർത്താവ് അഭിജിത്ത് മൊഴി നൽകി. പിന്നാലെയാണ് അജാസിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.
മരണത്തിന് മൂന്ന് ദിവസം മുൻപ് അജാസ് ഇന്ദുജയെ വാഹനത്തിൽവെച്ച് മർദിച്ചെന്നാണ് മൊഴി. അതേസമയം, യുവതിയുടെ മരണം ആത്മഹത്യ തന്നെയാണെന്ന് പൊലീസ് പറയുന്നത്. അജാസിനെയും ഇന്ദുജയുടെ ഭർത്താവ് അഭിജിത്തിനെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഡിജിറ്റൽ തെളിവുകൾ പൊലീസ് പരിശോധിച്ചുവരികയാണ്.
ഡിസംബർ 6നാണ് നവവധുവിനെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നാലു മാസങ്ങൾക്കു മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. ഇതിനുശേഷം ഇരുവരും അഭിജിത്തിന്റെ കുടുംബത്തോടൊപ്പം ഇളവട്ടത്തെ വീട്ടിൽ താമസിച്ചു വരികയായിരുന്നു. ഇന്ദുജ വഞ്ചിയൂർ സ്വകാര്യ ലാബിൽ ലാബ് ടെക്നീഷ്യനാണ്.