തിരുവനന്തപുരത്ത് ബിജെപിയുടേത് ചരിത്രപരമായ പ്രകടനമെന്നും അത് അംഗീകരിക്കുന്നുവെന്നും ശശി തരൂർ എംപി. ബിജെപി നേടിയ ശ്രദ്ധേയമായ വിജയത്തെ എളിമയോടെ അഭിനന്ദിക്കുന്നതായി മുതിർന്ന കോൺഗ്രസ് നേതാവ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. തലസ്ഥാനത്തിന്റെ രാഷ്ട്രീയ ഭൂപ്രകൃതിയിൽ ശ്രദ്ധേയമായ മാറ്റത്തെ അടയാളപ്പെടുത്തുന്ന ശക്തമായ പ്രകടനമാണ് ബിജെപിയുടേതെന്നും തരൂർ കുറിച്ചു.
ബിജെപിയെ നിരന്തരമായി പിന്തുണക്കുന്ന ശശി തരൂരിന്റെ സമീപകാല നീക്കങ്ങൾക്ക് മറ്റൊരുദാഹരണം കൂടിയാവുകയാണ് സമൂഹമാധ്യമത്തിലെ പുതിയ അഭിനന്ദന കുറിപ്പ്. ബിജെപിക്കും വോട്ടർമാർ പ്രതിഫലം നൽകിയെന്നടക്കം പോസ്റ്റിൽ പറയുന്നുണ്ട് തരൂർ. കോൺഗ്രസ് എംപിയുടെ മണ്ഡലത്തിലും വിജയം നേടിയത് ബിജെപിയാണ്.
കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി വിളിച്ച കോൺഗ്രസ് എംപിമാരുടെ യോഗത്തിൽ നിന്ന് ശശി തരൂർ വിട്ടുനിന്നത് ചർച്ചയായിരുന്നു. പാർട്ടിയുടെ സുപ്രധാന യോഗങ്ങളിൽ നിന്ന് തരൂർ ആവർത്തിച്ച് വിട്ടുനിൽക്കുന്നതിൽ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും പല തവണ പ്രശംസിച്ച തരൂറിനെതിരെ പല നേതാക്കളും പരസ്യമായി പ്രതികരിച്ചിരുന്നു.
