തിളക്കുന്ന ചൂടിലും ക്ഷേത്രത്തിലേക്ക് ജനപ്രവാഹം, ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുങ്ങി തലസ്ഥാന നഗരം, ഗതാഗത നിയന്ത്രണം

news image
Feb 24, 2024, 4:44 am GMT+0000 payyolionline.in

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുങ്ങി തലസ്ഥാന നഗരി. നാളെയാണ് പ്രശസ്തമായ ആറ്റുകാൽ പൊങ്കാല. ഇന്നലെ വൈകുന്നേരം മുതൽ നഗരത്തിൻെറ പല സ്ഥലങ്ങളിലായി പൊങ്കാല അർപ്പിക്കാനായി സ്ഥലങ്ങള്‍ ക്രമീകരിച്ചു കഴിഞ്ഞു. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി നഗരസഭയും പൊലിസും അറിയിച്ചു. കനത്ത ചൂടായതിനാൽ കുടിവെള്ള വിതരണത്തിനായി നഗരസഭയും വിവിധ സംഘടനകളും കൂടുതൽ സജീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ഇന്ന് ഉച്ചമുതൽ നാളെ രാത്രി എട്ടു മണിവരെ തലസ്ഥാനത്ത് ഗതാഗതനിയന്ത്രമുണ്ട്. ചരക്കു വാഹനങ്ങള്‍ ഉള്‍പ്പെടെ വലിയ വണ്ടികളെ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല. ക്ഷേത്രത്തിലേക്കുള്ള റോഡിന്‍റെ ഇരുവശങ്ങളിലായി പാർക്കിംഗും നിരോധിച്ചിട്ടുണ്ട്. കെഎസ്ആർടിസിയും റെയിൽവേ പ്രത്യേക സർവീസും നടത്തും. തിളക്കുന്ന വേനൽചൂട് വകവയ്ക്കാതെ പൊങ്കാലത്തിരക്കിലാണ് ആറ്റുകാൽ ക്ഷേത്ര പരിസരം. പൊങ്കാല തീയതി അടുത്തതോടെ നേരവും കാലവും കാലാവസ്ഥയുമൊന്നും പ്രശ്നമാക്കാതെ ക്ഷേത്രത്തിലേക്ക് അണമുറിയാത്ത ജനപ്രവാഹം തുടരുകയാണ്.

രാത്രിയില്‍ വന്നാല്‍ സൂചികുത്താൻ സ്ഥലമുണ്ടാകില്ലെന്നും അതാണ് വെയിലിനെ അവഗണിച്ചും ഉച്ചയ്ക്ക് എത്തിയതെന്നും ആറ്റുകാല്‍ അമ്മയെ കണ്ടതോടെ ചൂടെല്ലാം തണുത്തുവെന്നുമാണ് പല ജില്ലകളില്‍ നിന്ന് എത്തിയ അമ്മമാരുടെ പ്രതികരണം. കനത്തചൂടിൽ പുറത്തിറങ്ങരുതെന്നൊക്കെ കലാവസ്ഥാ മുന്നറുയിപ്പുണ്ടെങ്കിലും കടുംചൂടിനെ കുടചൂടി പ്രതിരോധിക്കുകയാണിവര്‍. ഇടക്കിത്തിരി തണൽ കായുന്നവരുമുണ്ട്. കലാപരിപാടികൾക്ക് മുന്നിൽ തുടങ്ങി കച്ചവട സ്ഥാപനങ്ങളിൽ വരെ തിരക്കോട് തിരക്കാണ്. ഭക്തി ആൾത്തിരക്കും ആഘോഷവുമാകുന്ന കാഴ്ചയാണ് ആറ്റുകാല്‍ പരിസരത്ത് എങ്ങും. അതിരുകളും വേർതിരിവുകളുമില്ലാത്ത ആറ്റുകാൽ പരിസരം പെൺപട കയ്യടക്കിക്കഴിഞ്ഞു.  അവരെല്ലാം പൊങ്കാലയടുപ്പിൽ തീ പടരുന്നതും കാത്തിരിപ്പാണ്.

 

ഇതിനിടെ, ചോറ്റാനിക്കര ക്ഷേത്രത്തിലെ പ്രശസ്തമായ മകം തൊഴല്‍ ഇന്ന് നടക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണി മുതൽ രാത്രി പത്തരവരെ ആണ്‌ ക്ഷേത്രത്തിൽ ദർശനം.ഒന്നര ലക്ഷം ഭക്തർ എത്തുമെന്ന കണക്ക് കൂട്ടലിൽ ആണ്‌ പൊലീസും കൊച്ചിൻ ദേവസ്വം ബോർഡും ഒരുക്കങ്ങൾ നടത്തുന്നത്. ഇന്നലെ മുതൽ തന്നെ സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ ഇന്ന് ദർശനത്തിനായി ഭക്തർ എത്തിയിട്ടുണ്ട്. ആയിരത്തിൽ അധികം പോലീസുകാർ ആണ്‌ സുരക്ഷ ഉറപ്പാക്കാൻ വിന്യസിച്ചിരിക്കുന്നത്. ഗ്രീൻ പ്രോട്ടോകോൾ പാലിച്ചാകും ഇത്തവണ മകം തൊഴൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe