തിരുവനന്തപുരം: മംഗലപുരത്ത് ലോട്ടറി തൊഴിലാളിയായ ഗൃഹനാഥനെ ഗുണ്ടകൾ വീട്ടിൽ കയറി മർദ്ദിച്ചു. മംഗലപുരം വെള്ളൂർ ലക്ഷം വീട് കോളനിയിലെ അശോകന് നേരെ രാത്രിയാണ് ആക്രമണം ഉണ്ടായത്. തീപ്പട്ടി ചോദിച്ചിട്ട് കൊടുക്കാത്തതിൻ്റെ പേരിൽ മംഗലപുരം കുറക്കോട് സ്വദേശി കൊച്ചുമോൻ്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം ആക്രമിച്ചെന്നാണ് വിവരം.
മദ്യ ലഹരിയിലായിരുന്ന ഒരു സംഘം ആശോകനോട് വീട്ടിൽ കയറി തീപ്പെട്ടി ചോദിച്ചു. എന്നാൽ തീപ്പെട്ടി ഇല്ല എന്ന് പറഞ്ഞതിനെത്തുടർന്ന് ഇവർ തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും, വാക്കേറ്റം മർദ്ദനത്തിൽ കലാശിക്കുകയുമായിരുന്നു.
കല്ലുകൊണ്ട് തലയിലും മുഖത്തും അശോകന് ഇടിയേറ്റു. ചെവിക്ക് ഗുരുതരമായി പരുക്കേറ്റ അശോകൻ്റെ പല്ലുകൾ ഇളകിപ്പോയി. ഇദ്ദേഹത്തെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗലപുരം പൊലീസ് സ്ഥലത്തെത്തി. ലോട്ടറി വിറ്റാണ് അശോകൻ ജീവിക്കുന്നത്. ഇദ്ദേഹത്തിൻ്റെ ഭാര്യ അടുത്തിടെ കാൻസർ ബാധിച്ച് മരിച്ചിരുന്നു.