കൊരട്ടി (തൃശൂർ): വിദ്യാർഥികളുടെ വിടപറയൽ വേളയിൽ അവസാന ഉപദേശം നൽകുന്നതിനിടെ അധ്യാപിക വേദിയിൽ കുഴഞ്ഞുവീണ് മരിച്ചു. കൊരട്ടി എൽ.എഫ്.സി.ജി.എച്ച്.എസ് സ്കൂളിലെ രമ്യ (41) ആണ് മരിച്ചത്. പ്രസംഗിക്കുന്നതിനിടെ സ്വന്തം വിദ്യാർഥികളുടെ മുന്നിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെ സ്കൂളിലെ ഹയർ സെക്കൻഡറി ബാച്ചിന്റെ യാത്രയയപ്പ് വേളയിൽ സംസാരിച്ച് തുടങ്ങുമ്പോഴാണ് കുഴഞ്ഞുവീണത്. വേദിയിൽ കയറി മൈക്രോഫോൺ കൈയിലെടുത്ത അധ്യാപികക്ക് ‘എനിക്ക് നിങ്ങൾക്ക് ഒരു ഉപദേശം നൽകാനുണ്ട്’ എന്ന് മാത്രമേ പറയാനായുള്ളു. അതോടെ കുഴഞ്ഞു വീഴുകയായിരുന്നു.
ഇതോടെ കുട്ടികളുടെ കൂട്ട നിലവിളിയുയർന്നു. സഹ അധ്യാപകരും മറ്റു ജീവനക്കാരും ചേർന്ന് രമ്യയെ സമീപത്തെ ദേവമാത ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിച്ചു. കൊരട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.
അങ്കമാലി വാപാലിശ്ശേരി പയ്യപ്പിള്ളി കൊളുവൻ ഫിനോബിന്റെ ഭാര്യയാണ് രമ്യ. മക്കൾ: നേഹ, നോറ. മൃതദേഹം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് കൊരട്ടി സ്കൂളിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം വൈകീട്ട് അഞ്ചിന് നെടുമ്പാശ്ശേരി അകപ്പറമ്പ് സെന്റ് ഗർവാസിസ് പ്രൊർത്താസിസ് ചർച്ച് സെമിത്തേരിയിൽ.