തൃശൂർ പൂരം; സാമ്പിൾ വെടിക്കെട്ട് ഇന്ന്, ചമയ പ്രദർശനത്തിനും തുടക്കമാവും

news image
May 4, 2025, 5:36 am GMT+0000 payyolionline.in

തൃശൂർ: തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടിനായി നഗരം ഒരുങ്ങി. ഇന്ന് രാത്രി ഏഴിന്‌ തിരുവമ്പാടി വിഭാഗം ആദ്യം തിരികൊളുത്തും. പിന്നാലെ പാറമേക്കാവും. തൃശൂർ പൂരത്തോട് അനുബന്ധിച്ചുള്ള ചമയ പ്രദർശനത്തിനും ഇന്ന് തുടക്കമാവും.

വൈവിധ്യങ്ങളും സസ്പെൻസുകളും സമാസമം ചേരുന്നവയാണ് തൃശൂർ പൂരത്തിന്റെ ഓരോ സാമ്പിൾ വെടിക്കെട്ടുകളും. ഇത്തവണയും അവയ്ക്ക് മാറ്റമുണ്ടാവില്ല. തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങൾ മാസങ്ങൾക്കു മുമ്പേ വെടിക്കെട്ടിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്. തിരുവമ്പാടിക്ക് വേണ്ടി മുണ്ടത്തിക്കോട് പി എം സതീഷും പാറമേക്കാവിനു വേണ്ടി ബിനോയ് ജേക്കബുമാണ് വെടിക്കെട്ട് സാമഗ്രികളുടെ നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്.

തേക്കിൻകാട് മൈതാനത്തോട്‌ ചേർന്ന നടപ്പാതയ്ക്ക്‌ മുകളിൽ ബാരിക്കേഡുകൾ കെട്ടി. നില അമിട്ടുകൾ മുതൽ ബഹുവർണ അമിട്ടുകൾ, ഗുണ്ട്, കുഴി മിന്നി, ഓലപ്പടക്കങ്ങൾ എന്നിവയൊക്കെയായി പ്രധാന വെടിക്കെട്ടിന്റെ അതേ മാതൃകയിലാണ് ഇത്തവണത്തെ സാമ്പിൾ വെടിക്കെട്ടും നടക്കുക. തൃശൂർ പൂരത്തോടനുബന്ധിച്ചുള്ള ചമയ പ്രദർശനങ്ങളും ഇന്ന് ആരംഭിക്കും. തിരുവമ്പാടി വിഭാഗത്തിന്റേത് കൗസ്തുഭം ഓഡിറ്റോറിയത്തിലും പാറമേക്കാവിന്റേത് ക്ഷേത്രം അഗ്രശാലയിലും ആണ് നടക്കുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe