കൊയിലാണ്ടി ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായി കടവിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിന്റെ ബിം ചെരിഞ്ഞു വീണു. കോൺക്രീറ്റ് പ്രവർത്തി നടക്കുന്നതിനിടെയാണ് പാലത്തിന്റെ മധ്യഭാഗത്തെ ബീം തകർന്നു വീണത്. നിർമ്മാണ തൊഴിലാളികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് പ്രദേശവാസിയായ അജയ് ബോസ് പറഞ്ഞു.
മലപ്പുറം ആസ്ഥാനമായി പ്രവൃത്തിക്കുന്ന പി.എം.ആർ കൺസ്ട്രക്ഷൻ കമ്പനിയാണ് കരാർ ഏറ്റെടുത്ത് നടത്തുന്നത്. പാലം തകർന്ന് വീണതിന്റെ കാരണം അന്വേഷിച്ച് കരാർ കമ്പനിക്കെതിരെ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കൊയിലാണ്ടി – ബാലുശ്ശേരി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നതാണ് തോരായി കടവ് പാലം. നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്നു പാലം. എൽ.ഡി.എഫ് സർക്കാർ കിഫ്ബി മുഖേനയാണ് നിർമ്മാണം നടപ്പിലാക്കുന്നത്.