ദില്ലി ചെങ്കോട്ട സ്ഫോടനത്തിൽ നിർണായക കണ്ടെത്തൽ; സൈന്യം ഉപയോ​ഗിക്കുന്ന രാസവസ്തു ഉപയോഗിച്ചു?

news image
Nov 12, 2025, 3:46 am GMT+0000 payyolionline.in

ദില്ലി: ചെങ്കോട്ട സ്ഫോടനത്തിൽ സൈന്യം ഉപയോഗിക്കുന്ന തരം രാസവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയം ഉയരുന്നു. അമോണിയം നൈട്രേറ്റിൻ്റെ സാന്നിധ്യമാണ് സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. എന്നാൽ മറ്റു പദാർത്ഥങ്ങൾ ഉപയോ​ഗിച്ചിട്ടൂണ്ടോ എന്നത് പരിശോധന കഴിഞ്ഞേ വ്യക്തമാകൂ. സ്ഫോടനം നടത്തിയ ഉമർ പതിനൊന്ന് മണിക്കൂർ ദില്ലിയിലുണ്ടായിരുന്നു. കൊണാട്ട് പ്ലേസിലും ഇയാൾ പോയെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. ഫരീദാബാദിലെ അറസ്റ്റുകൾ അറിഞ്ഞ ഇയാൾ പരിഭ്രാന്തിയിലായെന്നും ഇല്ലെങ്കിൽ ഇതിലും വലിയ ആക്രമണത്തിന് സാധ്യതയുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.

അന്വേഷണം ഊർജിതമാക്കി എൻഐഎ

ചെങ്കോട്ടയ്ക്ക് സമീപത്തെ സ്ഫോടനത്തിൽ അന്വേഷണം ഊർജിതമാക്കി എൻഐഎ. കഴിഞ്ഞ ദിവസം ഫരീദാബാദ്, സഹറൻപുർ എന്നിവിടങ്ങളിൽ നിന്ന് അറസ്റ്റിലായ ഡോക്ടർമാരായ ആദിൽ, മുസ്മീൽ, ഷഹീനാ എന്നിവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യും. ആക്രമണത്തിൽ പാക് ഭീകര സംഘടന ആയ ജയ്ഷെ മുഹമ്മദിന്റെ പങ്ക് സംശയിക്കുമ്പോഴും ഇതുവരെയും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. കശ്മീരിലെ പുൽവാമ സ്വദേശി ഡോ ഉമർ മുഹമ്മദ് നടത്തിയത് ചാവേർ ആക്രമണം ആയിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. ചാവേറിന്റെ രീതിയിൽ ആയിരുന്നില്ല ആക്രമണം. റെയ്ഡിൽ സ്ഫോടക വസ്തുക്കൾ കണ്ടെടുത്തത് പ്രതിയെ പരിഭ്രാന്തനാക്കി. നിർമാണം പൂർത്തിയാകാത്ത ബോംബ് അസമയത്ത് പൊട്ടിത്തെറിക്കുക ആയിരുന്നുവെന്നും ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. കാർ ഒരു ലക്ഷ്യത്തിലേക്ക് കുതിക്കുകയോ മനഃപൂർവ്വം ഇടിക്കുകയോ ചെയ്തിരുന്നത് ചാവേറിന്റെ രീതിയ്ക്ക് വിരുദ്ധമാണെന്നും വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe