ദില്ലിയിലെ സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി; ക്ലാസുകൾ ഓൺലൈൻ ആയി തുടരും

news image
Feb 7, 2025, 11:00 am GMT+0000 payyolionline.in

ദില്ലി: രാജ്യ തലസ്ഥാനത്തെ സ്കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. തുടർന്ന് സ്കൂളുകൾ പൂട്ടുകയും ക്ലാസുകൾ ഓൺലൈനാക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെയോടെയാണ് ദില്ലിയിലും നോയിഡയിലും പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണിയുണ്ടായത്. അൽകോൺ ഇന്റർനാഷണൽ സ്കൂളിലെ പ്രിൻസിപ്പലിനാണ് ബോംബ് ഭീഷണി സന്ദേശം ഇ-മെയിലിൽ ലഭിച്ചത്.

പ്രിൻസിപ്പൽ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ ബോംബ് സ്‌ക്വാഡിനെ വിവരം അറിയിക്കുകയും പൊലീസ് അധികൃതർ സ്കൂളിലെത്തുകയും ചെയ്തു. സ്കൂളും പരിസരവും പരിശോധിച്ചെങ്കിലും സംശയാസ്പദമായ  ഒന്നും തന്നെ കണ്ടെത്താനായില്ല. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ക്ലാസുകൾ ഓൺലൈൻ ആക്കി ക്രമീകരിച്ചത്. ഇത് സംബന്ധിച്ച് സ്കൂൾ അധികൃതർ രക്ഷിതാക്കൾക്ക് സന്ദേശം അയച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു. നോയിഡയിലെ ശിവ് നാടാർ സ്കൂൾ, സെന്റ് സ്റ്റീഫൻസ് കോളേജ് തുടങ്ങിയ സ്ഥാപനങ്ങൾക്കും ഇമെയിൽ വഴി ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. അതേസമയം  തെറ്റായ സന്ദേശങ്ങളിൽ ഭയപ്പെടേണ്ടതില്ലെന്നും സമാധാന അന്തരീക്ഷം നിലനിർത്തണമെന്നും പൊലീസ് ജനങ്ങളോട് പറഞ്ഞു.

നേരത്തെയും രാജ്യതലസ്ഥാനത്തെ 400ഓളം സ്കൂളുകൾക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ വന്നിരുന്നു. അന്ന് സൈബർ സെൽ നടത്തിയ സാങ്കേതിക പരിശോധനയിലൂടെ ഇമെയിൽ സന്ദേശം അയച്ച സ്കൂൾ കുട്ടിയെ പൊലീസ് പിടികൂടുകയും ചെയ്തു. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.  ജനുവരിയിൽ ദില്ലിയിൽ പ്രവർത്തിക്കുന്ന 23 സ്കൂളുകൾക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. അന്നും സ്കൂളുകൾ പൂട്ടിയിടേണ്ട സാഹചര്യമുണ്ടായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe