ദില്ലി: ദില്ലിയിൽ ദീപാവലിക്ക് ഹരിത പടക്കങ്ങൾ ഉപയോഗിക്കുന്നതിന് സുപ്രീംകോടതിയുടെ അനുമതി. കർശന നിർദേശങ്ങളോടെയാണ് സുപ്രീംകോടതി അനുമതി നൽകിയത്. ഈ മാസം 18 മുതൽ 21 വരെ ഹരിത പടക്കങ്ങൾ ഉപയോഗിക്കാമെന്ന് ചിഫ് ജസ്റ്റിസ് ബിആര്‍ ഗവായി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇന്നു മുതൽ 21-ാം തീയതി വരെ ഹരിത പടക്കങ്ങളുടെ വിൽപ്പനയ്ക്കും അനുമതി നൽകിയിട്ടുണ്ട്. രാവിലെ ആറ് മുതൽ ഏഴ് വരെയും രാത്രി എട്ടു മുതൽ 10 വരെയുമാണ് പടക്കങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിയത്.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് അനുമതി നൽകിയത്. ശക്തമായ പരിശോധനകൾ ഉറപ്പാക്കാനും, നിർദ്ദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കാനും ലൈസൻസ് റദ്ദാക്കാനും സുപ്രീംകോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഹരിത പടക്കങ്ങൾ ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ദില്ലി സർക്കാർ ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതി ഉത്തരവ് കൃത്യമായി നടപ്പിലാക്കുമെന്ന് ദില്ലി പരിസ്ഥിതി മന്ത്രി മഞ്ജിന്ദർ സിംഗ് സിസ്ര പറഞ്ഞു.