കല്‍പ്പറ്റ> വയനാട് ദുരന്തത്തില്‍ കുടുംബമൊന്നാകെ ഇല്ലാതാവുകയും പിന്നീടുണ്ടായ അപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ഇന്ന് ജോലിയില്‍ പ്രവേശിക്കും. ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിനു പിന്നാലെ ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രിയും റവന്യു മന്ത്രി കെ രാജനും പ്രഖ്യാപിച്ചിരുന്നു.രാവിലെ പത്തു മണിയോടെ കളക്ടറേറ്റില്‍ എത്തി റവന്യു വകുപ്പില്‍ ക്ലര്‍ക്കായി ശ്രുതി ചുമതലയേല്‍ക്കും.
കഴിഞ്ഞ ജൂലൈ 30നുണ്ടായ ഉരുള്‍പൊട്ടലിലാണ് ശ്രുതിക്ക് കുടുംബാംഗങ്ങളെയും വീടും നഷ്ടമായത്. തുടര്‍ന്ന് താങ്ങായി നിന്ന പ്രതിശ്രുത വരന് ജെന്‍സണെയും ഒരപകടത്തില്‍ നഷ്ടമായി.കഴിഞ്ഞ മാസമാണ് റവന്യു വകുപ്പില്‍ നിയമനം നല്‍കിയുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്. ഉരുള്‍പൊട്ടലിനുശേഷം ബന്ധുവിനൊപ്പം കല്‍പ്പറ്റയില്‍ കഴിയുന്ന ശ്രുതിയുടെ വിവാഹം കഴിഞ്ഞ മാസം നടത്താനിരിക്കെയായിരുന്നു വരന്റെ അപ്രതീക്ഷിത വിയോഗം.വയനാട് കല്പറ്റയിലുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് ജെന്സണ് മരിച്ചത്