ദുരന്തമുഖത്ത് മനുഷ്യത്വപരമായ സമീപനമാണ് വേണ്ടതെന്ന് കേന്ദ്രത്തോട് ഹൈക്കോടതി; കണക്കുകൾ വ്യക്തമാക്കി സംസ്ഥാനം

news image
Dec 12, 2024, 8:57 am GMT+0000 payyolionline.in

കൊച്ചി > ദുരന്തമുഖത്ത് മനുഷ്യത്വപരമായ സമീപനമാണ് വേണ്ടതെന്ന് കേന്ദ്രത്തോട് ഹൈക്കോടതി. കണക്കുകൾ പരിശോധിച്ച് വയനാടിനുള്ള പ്രത്യേകസഹായത്തിൽ തീരുമാനം എടുക്കാനും കോടതി നിർദ്ദേശം നൽകി. മുണ്ടക്കൈ ചൂരൽമല ദുരന്തത്തിന് തൊട്ടുപിന്നാലെ എസ്ഡിആർഎഫിൽ  നിന്ന് 21 കോടി രൂപ അനുവദിച്ചതായി സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

പുനരധിവാസ പ്രവർത്തനങ്ങൾക്കായി എസ്ഡിആർഎഫിൽ നിന്ന് 28.95 കോടി രൂപ നൽകിയതായും സർക്കാർ അറിയിച്ചു.ഡിസംബർ 10 ലെ കണക്ക് പ്രകാരം ഫണ്ടിൽ ബാക്കിയുള്ളത് 700 കോടി രൂപയാണ്.  ഇതിൽ 638.95 കോടി രൂപ വിവിധ ആവശ്യങ്ങൾക്കായി സർക്കാർ ഉത്തരവ് അനുസരിച്ച് പലർക്കായി  നൽകാനുണ്ട്. വേനൽക്കാല ആവശ്യങ്ങൾ   നേരിടാനായി ഫണ്ടിൽ ബാക്കിയുള്ളത് 61.53 കോടി രൂപയെന്നും സർക്കാർ വ്യക്തമാക്കി.

വയനാട് ദുരന്തത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  682 കോടി രൂപ ലഭിച്ചു. എസ്ഡിആർഎഫ് ഫണ്ട് വിനിയോഗത്തിന് കർശന നിബന്ധനകൾ ഉള്ളതിനാൽ ഈ ഫണ്ടിനെ ആശ്രയിക്കേണ്ടി വരും. പുനരധിവാസത്തിന് ഭുമി വാങ്ങുന്നതിനും മറ്റും എസ്ഡിആർഎഫ് ഫണ്ട് വിനിയോഗിക്കാനാവില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലുള്ള തുക പുരധിവാസത്തിന് അപര്യാപ്തമാണ്.

2221 കോടി രൂപ ആവശ്യപ്പെട്ടുള്ള എസ്റ്റിമേറ്റ് കേന്ദ്ര സർക്കാരിന് സമർപ്പിച്ചിരുന്നു. എന്നാൽ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. സഹായത്തിനായി കേന്ദ്ര സർക്കാരിന്റെ വേഗത്തിലുള്ള തീരുമാനം അനിവാര്യമെന്നും സംസ്ഥാനം കോടതിയെ അറിയിച്ചു. വയനാട് പുനരധിവാസത്തിനായി പ്രത്യേക പരിഗണന അത്യാവശ്യമെന്നും സർക്കാർ വ്യക്തമാക്കി. ദുരന്തബാധിതരുടെ കടം എഴുതിത്തള്ളുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ ഇതേവരെ തീരുമാനമെടുത്തിട്ടില്ല. ഇത് സംബന്ധിച്ച ഒരു അറിയിപ്പും കേരളത്തിന് ഇതേവരെ കിട്ടിയിട്ടില്ല എന്നും സർക്കാർ അറിയിച്ചു.

എസ്ഡിആർഎഫിലെ മുഴുവൻ തുകയും വയനാടിനായി ഉപയോഗിക്കാനാവില്ല എന്നത് കേന്ദ്രത്തെ ബോധ്യപ്പെടുത്തണമെന്നും ഇക്കാര്യം കേന്ദ്ര സർക്കാർ മനസിലാക്കണമെന്നും കോടതി നിർദേശിച്ചു. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലെ തുകയുടെ വിനയോഗം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയോടും കോടതി നിർദ്ദേശിച്ചു.  വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കിടയിൽ മധ്യസ്ഥം വഹിക്കാൻ തയ്യാറാണെന്ന് അറിയിച്ച കോടതി സംസ്ഥാനം നൽകുന്ന കണക്കുകൾ പരിശോധിച്ച് കേന്ദ്രം  തീരുമാനം എടുക്കണമെന്നും നിർദ്ദേശിച്ചു. കേസ് ഈ മാസം 18 ന് പരിഗണിക്കാൻ മാറ്റി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe