ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുണ്ടക്കൈയിൽ കേന്ദ്രം വിന്യസിച്ചത് 1200ലധികം രക്ഷാപ്രവർത്തകരെ

news image
Aug 10, 2024, 6:25 am GMT+0000 payyolionline.in

കൽപ്പറ്റ: മുണ്ടക്കൈ ഉരുൾ പൊട്ടലിന് പിന്നാലെ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി എൻഡിആർഎഫ്, കരസേന, വ്യോമസേന, നാവികസേന, അഗ്നിശമനസേന, സിവിൽ ഡിഫൻസ് തുടങ്ങി 1200ലധികം രക്ഷാപ്രവർത്തകരെ വിന്യസിച്ചതായി കേന്ദ്രം. ഡോക്ടർമാരടക്കമുള്ള നൂറിലേറെ ആംബുലൻസുകളും മറ്റ് മെഡിക്കൽ ജീവനക്കാരും വയനാട്ടിലേക്ക് നിയോഗിക്കപ്പെട്ടു. 71 മണിക്കൂറിനുള്ളിൽ രക്ഷാപ്രവർത്തനത്തിൽ നിർണായകമായ ബെയ്ലി പാലം സൈന്യം നിർമ്മിച്ചു. എൻഡിആർഎഫ് സംഘം ഇതിനോടകം 30 പേരെ ദുരന്ത ബാധിത മേഖലയിൽ നിന്ന് രക്ഷിച്ചതായും 520 പേരെ മാറ്റിപ്പാർപ്പിച്ചതായും 112 മൃതദേഹങ്ങൾ കണ്ടെത്തിയതായും കേന്ദ്രം വിശദമാക്കുന്നു.

ദുരിതമേഖലയിലേക്ക് സാമ്പത്തിക സഹായം എത്തിക്കാനായും കേന്ദ്രത്തിന്റെ ഇടപെടലുണ്ടായി. എസ്ഡിആർഎഫിലേക്ക് ഈ വർഷത്തെ ആദ്യ ഇൻസ്റ്റാൾമെന്റായുള്ള 145.60കോടി രൂപ ജൂലൈ 31ന് കേരള എസ്ഡിആർഎഫിലേക്ക് നൽകി. കഴിഞ്ഞ ആഞ്ച് വർഷത്തിനുള്ളിൽ 1200 കോടി രൂപയാണ് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്ക് കേന്ദ്രത്തിന്റെ വിഹിതം നൽകിയിട്ടുള്ളത്. ഇതിന് പുറമേയായി 445 കോടി രൂപയാണ് കേന്ദ്രസർക്കാർ സംസ്ഥാന ദുരന്ത ലഘൂകരണ നിവാരണ ഫണ്ടിലേക്ക് നൽകിയിട്ടുള്ളത്. ഈ സാമ്പത്തിക വർഷം പ്രകൃതി ദുരന്തങ്ങൾ നേരിടാൻ കേന്ദ്രം ഏറ്റവും കൂടുതല്‍ തുക അനുവദിച്ചത് മഹാരാഷ്ട്രയ്ക്ക്. ജൂലൈ 31 വരെയുള്ള കണക്ക് നോക്കിയാൽ സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്പോൺസ് ഫണ്ടില്‍ നിന്ന് ഏറ്റവും കൂടുതൽ കേന്ദ്ര വിഹിതം ലഭിച്ചത് മഹാരാഷ്ട്രയ്ക്കാണ്.

പലതവണ പ്രളയത്തിൽ മുങ്ങിയ മഹാരാഷ്ട്രയ്ക്ക് മുൻ വർഷങ്ങളിലെ നീക്കിയിരിപ്പ് അടക്കം 2984 കോടി രൂപ കേന്ദ്രം നൽകി. മധ്യപ്രദേശിന് 1686 കോടിയും രാജസ്ഥാന് 1372 കോടിയും ഒഡീഷയ്ക്ക് 1485 കോടിയും കിട്ടി. ഉത്തർപ്രദേശിന്‌ 1791 കോടി, ഉത്തരാഖണ്ഡ് 868 കോടി, ഗുജറാത്ത് 1226 കോടി എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങൾക്ക് ലഭിച്ച കേന്ദ്ര സഹായം. കേരളത്തിനാകട്ടെ ഈ വർഷം 291 കോടി രൂപ മാത്രമാണ് പ്രകൃതി ദുരന്തം നേരിടാൻ കേന്ദ്ര വിഹിതമായി കിട്ടിയത്. സുപ്രീംകോടതി വരെ പോയി നിയമയുദ്ധം നടത്തികൊണ്ടിരിക്കുന്ന തമിഴ്‌നാടിന് 944 കോടി കിട്ടി. തമിഴ്‌നാടിന് ഒപ്പം കോടതിയിൽ പോയ കർണാടകയ്ക്ക് 732 കോടി രൂപയാണ് നല്‍കിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe