ഭുവനേശ്വര്‍ : ഒഡീഷയിൽ ട്രെയിനിൽ തീപിടുത്തം. ദൂർഗ് -പുരി എക്സ്പ്രസ്സിന്റെ എ സി കോച്ചിനടിയിൽ ഇന്നലെ വൈകിട്ടാണ് തീപിടുത്തമുണ്ടായത്. ബ്രേക്ക് പാഡിന് തീപിടിച്ചതാണെന്നും കോച്ചിന് അകത്തേക്ക് തീ പടര്‍ന്നിട്ടില്ലെന്നും റെയിൽവേ അധികൃതര്‍ അറിയിച്ചു. തീ അണച്ച്, രാത്രി11 മണിയോടെ ട്രെയിൻ യാത്ര തുടർന്നു. ട്രെയിനിൽ തീപിടിക്കുന്നതും കനത്ത പുക ഉയരുന്നതുമായ ദൃശ്യങ്ങൾ പുറത്ത് വന്നു.
ദിവസങ്ങൾക്ക് മുമ്പ് ബലാസോറിലുണ്ടായ ട്രെയിൻ അപകടത്തിന്റെ ഞെട്ടലിൽ നിന്നും ജനം ഇപ്പോഴും മുക്തമായിട്ടില്ല. ആ സമയത്താണ് സംസ്ഥാനത്ത് ട്രെയിൻ തീപിടിത്തമുണ്ടായത്. 288 പേരുടെ മരണത്തിനും 1000 ലേറെ പേർക്ക് പരിക്കേൽക്കാനും ഇടയാക്കിയ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട അന്വേഷണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്നാണ് റയിൽവേ അറിയിക്കുന്നത്. സിഗ്നലിംഗിലെ പിഴവ് കേന്ദ്രീകരിച്ചാണെന്നാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇൻസ്പക്ഷൻ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടിട്ടുണ്ട്. മെയിൻ ലൈനിൽ നിന്ന് ലൂപ്പ് ലൈനിലേക്ക് ട്രെയിൻ നീങ്ങിയത് തെറ്റായ പോയിന്റിംഗ് മൂലമെന്നാണ് വിവരം. ഇതെല്ലാം അന്വേഷണത്തിന്റെ പരിധിയിലാണ്.