ദേശീയ താത്പര്യം കണക്കിലെടുത്ത് സുപ്രീം കോടതി: ഇഡി ഡയറക്ടറുടെ കാലാവധി വീണ്ടും നീട്ടി

news image
Jul 27, 2023, 12:22 pm GMT+0000 payyolionline.in

ദില്ലി: ഇഡി ഡയറക്ടർ സ്ഥാനത്ത് എസ്കെ മിശ്രയ്ക്ക് വീണ്ടും കാലാവധി നീട്ടി നൽകി. കേന്ദ്രസർക്കാരിന്റെ ആവശ്യത്തിൽ ദേശീയ താത്പര്യം മുൻനിർത്തിയാണ് കാലാവധി ഒരിക്കൽ കൂടി നീട്ടുന്നതെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി ഇനി വീണ്ടും കാലാവധി നീട്ടില്ലെന്നും വ്യക്തമാക്കി. അതിനായി ഒരു അപേക്ഷയും സ്വീകരിക്കില്ലെന്നും അർത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം സുപ്രീം കോടതി പറഞ്ഞു. എഫ് എ ടി എഫ് റിവ്യൂ കണക്കിലെടുത്താണ് ഇപ്പോൾ സുപ്രീം കോടതി തീരുമാനം. സെപ്തംബർ 15 ന് എസ് കെ മിശ്ര സ്ഥാനമൊഴിയണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ മാസം 11നാണ് എസ്കെ മിശ്രയെ ഇഡി ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് സുപ്രീം കോടതി വിധിച്ചത്. ജൂലൈ 31 വരെയായിരുന്നു അദ്ദേഹത്തിന് സുപ്രീം കോടതി വിധി പ്രകാരം സ്ഥാനത്ത് തുടരാനാവുക. എന്നാൽ കേന്ദ്ര സർക്കാർ വീണ്ടും സുപ്രീം കോടതിയെ സമീപിച്ച് അന്തർദേശീയ വിഷയങ്ങളുമായി ബന്ധപ്പെട്ട് എസ്കെ മിശ്ര സ്ഥാനത്ത് തുടരേണ്ടത് അത്യാവശ്യമാണെന്ന് വ്യക്തമാക്കുകയായിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് രണ്ടാഴ്ച കൂടി എസ്കെ മിശ്രയെന്ന സഞ്ജയ് കുമാർ മിശ്രയെ സ്ഥാനത്ത് തുടരാൻ അനുവദിച്ചത്.

സഞ്ജയ് കുമാർ മിശ്രയെന്ന എസ്കെ മിശ്ര 1984 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനാണ്. 2018 ലാണ് ഇഡി ഡയറക്ടറായി അദ്ദേഹത്തെ ആദ്യം നിയമിക്കുന്നത്. 2020 നവംബറില്‍ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. തുടര്‍ന്ന് 2021 സെപ്റ്റംബറില്‍ രണ്ട് മാസത്തേക്ക് കൂടി കാലാവധി നീട്ടി. ഇതിനെതിരെ പരാതികൾ കോടതിയിലെത്തിയപ്പോൾ സുപ്രീം കോടതി നിർദ്ദേശം മറികടന്ന്, സെൻട്രൽ വിജിലൻസ് കമ്മീഷൻ ആക്ട് ഭേദഗതി ചെയ്ത് കാലാവധി അഞ്ച് വർഷത്തേക്ക് നീട്ടി. ഇതിന്റെ ഓർഡിനൻസും പുറപ്പെടുവിച്ചു. എന്നാൽ സുപ്രീം കോടതിയിൽ കേസെത്തിയപ്പോൾ കേന്ദ്രസർക്കാരിന് രൂക്ഷ വിമർശനം കോടതിയിൽ നിന്ന് നേരിടേണ്ടി വന്നു. കൂടാതെ എസ്കെ മിശ്രയ്ക്ക് പുറത്തേക്ക് വഴിയും തെളിഞ്ഞു. എന്നാൽ അവസാനവട്ട ശ്രമമെന്നോണമാണ് കേന്ദ്രസർക്കാർ എസ്കെ മിശ്രയ്ക്ക് വേണ്ടി വീണ്ടും കോടതിയിലെത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe