ദേശീയ പാത 66ൽ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസുകൾ സജ്ജം

news image
Sep 20, 2025, 3:58 am GMT+0000 payyolionline.in

കോഴിക്കോട്: ദേശീയപാത 66ൽ വാഹനാപകടങ്ങൾ പെരുകുന്ന സാഹചര്യത്തിൽ ജീവൻരക്ഷാ മാർഗ്ഗങ്ങൾ ഏർപ്പെടുത്തി അധികൃതർ‌. അപകടങ്ങൾ സംഭവിക്കുമ്പോൾ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ വൈകുന്നത് വലിയ പ്രശ്നമായി മാറിയിരുന്നു. പരുക്കുപറ്റിയവരെ ആശുപത്രിയിൽ എത്തിക്കാൻ വാഹനം കിട്ടാതെ പ്രയാസപ്പെടില്ലെന്ന് ഉറപ്പാക്കുകയാണ് അധികൃതർ. ഇതിനായി പ്രത്യേക ആംബുലൻസുകൾ സജ്ജമാക്കി നിർത്തും. ബൈപ്പാസിൽ പരുക്കേറ്റവർ രക്തം വാർന്നു കിടന്ന സംഭവങ്ങൾ വാർത്തയായിരുന്നു.ദേശീയപാതയിൽ അപകടങ്ങളുണ്ടായാൽ അടിയന്തര രക്ഷാപ്രവർത്തനം നടത്താൻ രണ്ട് ആംബുലൻസുകളാണ് തയ്യാറാക്കി നിർത്തുക. പന്തീരാങ്കാവ് ഇരങ്ങല്ലൂർ കൂടത്തുംപാറ ടോൾപ്ലാസയിലാണ് ഈ രണ്ട് ആംബുലൻസുകൾ ഉണ്ടാവുക. അപകടത്തിൽപ്പെട്ട വാഹനങ്ങൾ പാതയിൽ നിന്ന് നീക്കം ചെയ്യുന്നതിനായി പിക്കപ്പ് വാനുകളും തയാറാക്കി.

 

ദേശീയ പാത അതോറിറ്റിയാണ് ഈ സൗകര്യം ലഭ്യമാക്കുന്നത്. ഈ ആംബുലൻസ് സേവനം തികച്ചും സൗജന്യമാണ്. അപകടം നടന്നാൽ ടോൾ ഫ്രീ നമ്പറായ 1033ൽ വിളിക്കുകയാണ് വേണ്ടത്. ഉടൻ ആംബുലൻസ് പാഞ്ഞെത്തും. എവിടെയാണ് അപകടം നടന്നതെന്നും വ്യക്തമായി അറിയിക്കണം. ദേശീയപാതയുടെ വശങ്ങളിൽ നൂറു മീറ്റർ ഇടവിട്ട് മഞ്ഞയിൽ കറുപ്പ് അക്കങ്ങളിൽ രേഖപ്പെടുത്തിയ നമ്പർ പറഞ്ഞുകൊടുത്താൽ മാത്രം മതിയാകും. ഈ നമ്പർ വെച്ച് അതിവേഗം സ്ഥലത്ത് എത്തിച്ചേരാനാകും.ഇതിനെല്ലാം പുറമെ ഏതുസമയത്തും അപകടങ്ങളുണ്ടായാല്‍ ഓട്ടോമാറ്റിക് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റത്തിന്റെ നിയന്ത്രണ മുറിയില്‍ അലാറം അടിക്കും. കൃത്യമായ വിവരങ്ങൾ ഇവിടെയെത്തും. പിന്നീടുള്ള ഓപ്പറേഷൻ ഇവിടെ നിന്നാണ്.

 

അതെസമയം ദേശീയപാതയിൽ സുരക്ഷ പരമാവധി ഉറപ്പാക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കി വരികയാണ് ദേശീയപാതാ അതോരിറ്റി. അമിതവേഗം തിരിച്ചറിയാനുള്ള ഓട്ടോമാറ്റിക് സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പല പാതകളിലും ഈ സംവിധാനം ട്രയൽ നടത്തുകയാണ്. ദൂരെ നിന്ന് വരുന്ന വാഹനത്തിന്റെ വേഗത ഡിറ്റക്ട് ചെയ്ത് അത് സ്ക്രീനിൽ എഴുതിക്കാണിക്കും. പിഴ ഫോണിലേക്ക് വരും.

 

ദേശീയപാത 66-ലാകെ ഓട്ടോമാറ്റിക് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (എടിഎംഎസ്) സ്ഥാപിച്ചിട്ടുണ്ട്. തലപ്പാടി-ചെങ്കള ആദ്യ റീച്ചില്‍ എടിഎംഎസ് ക്യാമറകൾ സ്ഥാപിച്ചു കഴിഞ്ഞു. ഇവിടെ കൺട്രോൾ റൂം പ്രവർത്തിച്ചു തുടങ്ങി. വാഹനങ്ങളുടെ വേഗതയും, സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടുണ്ടോ എന്നതും, വാഹനങ്ങളെ മറികടക്കുന്നത് എങ്ങനെയാണ് എന്നതും, അപകടകരമായ ഡ്രൈവിങ് നടത്തുന്നുണ്ടോ എന്നതുമെല്ലാം എഐ ക്യാമറകൾ കൃത്യമായി ഒപ്പിയെടുക്കും. സംസ്ഥാനത്തെ ദേശീയപാത 66ൽ 451 ക്യാമറകളാണ് ഇങ്ങനെ സ്ഥാപിക്കുന്നത്. ഇവയിൽ ഭൂരിഭാഗവും 360 ഡിഗ്രി കറങ്ങുന്നവയാണ്. ട്രാഫിക് ലേൻ പാലിക്കാത്ത വാഹനങ്ങൾക്ക് പിഴ ലഭിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe