കോഴിക്കോട് ∙ആറുവരിപ്പാതയാകുന്ന ദേശീയപാത 66ൽ വെങ്ങളം മുതൽ അഴിയൂർ വരെയുള്ള (40.8 കിലോമീറ്റർ) നിർമാണം ഇഴഞ്ഞുനീങ്ങുന്നു. ഈ ഭാഗത്ത് യാത്രാക്ലേശവും കഠിനമാണ്. 60% മാത്രമാണ് ഇവിടെ നിർമാണം നടന്നിട്ടുള്ളത്. 90% പൂർത്തിയാകേണ്ട സമയത്താണ് ഈ മെല്ലെപ്പോക്ക്. 2021 ഒക്ടോബറിൽ കരാർ നൽകിയതാണെങ്കിലും നിർമാണം തുടങ്ങിയത് 2022 ജൂണിലാണ്. മേയ് 30നുള്ളിൽ പണി പൂർത്തിയാക്കേണ്ടതാണ്.
എത്ര വേഗത്തിൽ പണി പുരോഗമിച്ചാലും അതു സാധ്യമല്ലാത്തതിനാൽ, 2026 മേയ് വരെ സമയം നീട്ടിക്കിട്ടാൻ അപേക്ഷ നൽകിയിരിക്കുകയാണ് ഇപ്പോൾ. അദാനി എന്റർപ്രൈസസാണ് വെങ്ങളം–അഴിയൂർ പ്രവൃത്തി കരാറെടുത്തത്. അവർ ഉപകരാർ നൽകിയ വാഗഡ് ഇൻഫ്രാ പ്രോജക്ട് ആണ് പദ്ധതി നടപ്പാക്കുന്നത്. ഏകോപനമില്ലാത്ത രീതിയിലാണ് നവീകരണം നടക്കുന്നതെന്ന് പരാതിയുണ്ട്. പലയിടത്തും നിർമാണം പൂർത്തിയാക്കിയ സംരക്ഷണ ഭിത്തിയും നടപ്പാതയും റോഡിന്റെ ഭാഗങ്ങളും പൊളിച്ചു മാറ്റുന്നത് പതിവായിരുന്നു. മണ്ണിന്റെ ലഭ്യതക്കുറവ്, ജോലിക്കാരുടെ വിട്ടുപോകൽ തുടങ്ങിയവയൊക്കെ തടസ്സങ്ങളായി പറയുന്നുണ്ട്.
മണ്ണ് ലഭിക്കാത്തതാണ് തടസ്സത്തിനു പ്രധാന കാരണമായി കരാറുകാർ പറയുന്നത്. നവീകരണം നടക്കുന്നത് ആകെ 69.2 കിലോമീറ്ററിലാണ്. ഇത് 2 ഭാഗങ്ങളായാണ് കരാർ നൽകിയത്. രാമനാട്ടുര മുതൽ വെങ്ങളം വരെ 28.4 കിലോമീറ്റർ ഒന്നാം ഭാഗവും വെങ്ങളം മുതൽ അഴിയൂർ വരെ 40.8 കിലോമീറ്റർ രണ്ടാം ഭാഗവും. ഇതിൽ രാമനാട്ടുകര മുതൽ വെങ്ങളം വരെയുളള ഭാഗത്തിന്റെ നിർമാണം 93% പൂർത്തിയായിട്ടുണ്ട്. ഒന്നാം ഭാഗത്തിന്റെ നിർമാണവേഗം രണ്ടാം ഭാഗത്തിനുണ്ടാകുന്നില്ല എന്നതാണ് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്.
രാമനാട്ടുകര–വെങ്ങളം മേയിൽ തുറക്കും
രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള ആദ്യഭാഗം ഇന്നലെയോടെ 93% പൂർത്തിയായി. സമയപരിധിയായ 2025 മേയ് 30 നു മുൻപേ നിർമാണം പൂർത്തിയാക്കി ഗതാഗതത്തിനു തുറന്നു കൊടുക്കാനാകുമെന്ന് കരാറുകാർ വ്യക്തമാക്കി. 4 പാലങ്ങളും 7 മേൽപാലങ്ങളുമുണ്ട്. പാലങ്ങളിൽ മാമ്പുഴ, പുറക്കാട്ടിരി, അറപ്പുഴ എന്നിവയുടെ നിർമാണം പൂർത്തിയായി. കോരപ്പുഴ പാലത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. മേൽപാലങ്ങൾ ഏഴും തയാറായി. വെങ്ങളം, പൂളാടിക്കുന്ന് എന്നിവ മാത്രമാണ് തുറക്കാൻ ബാക്കി.
കരാർ നൽകുമ്പോൾ 4 പാലങ്ങളും 2 വരിയായിരുന്നു. 3 വരിയിൽ പുതിയ പാലം പണിത് 5 വരിയാക്കാനായിരുന്നു കരാർ. എന്നാൽ പിന്നീട് കേന്ദ്രസർക്കാർ ഇതിൽ മാറ്റം വരുത്തി 3 വരിയുടെ മറ്റൊരു പാലം കൂടി നാലിടത്തും നിർമിക്കാൻ തീരുമാനിച്ചു. അതോടെ പാലങ്ങൾ 8 വരിയിലേക്ക് ഉയർന്നു. പുതിയ പാലത്തിന് നാലിടത്തും കരാർ നൽകിയത് കഴിഞ്ഞ ഡിസംബറിലാണ്. ഒന്നര വർഷമാണ് നിർമാണ കാലാവധി. അതിനാൽ രാമനാട്ടുകര–വെങ്ങളം ദേശീയപാത മേയിൽ പൂർത്തിയാകുമ്പോൾ നാലു പാലങ്ങളും 5 വരിയിൽ മാത്രമേ ഗതാഗത്തിനു തുറക്കൂ. ബാക്കി നിർമാണം ഒരു വർഷത്തിനകം പൂർത്തിയാകും.
പാലമിറങ്ങിയാൽ പാതയില്ല
ദേശീയപാത നവീകരണ പദ്ധതിയുടെ 2 ഭാഗങ്ങളുടെ മധ്യഭാഗത്തു വരുന്നതാണ് വെങ്ങളം മേൽപാലം. 530 മീറ്റർ മേൽപാലം നിർമാണത്തിന്റെ അവസാനഘട്ടത്തിലാണ്. ഒരാഴ്ചയ്ക്കകം ഗതാഗതത്തിനു തുറന്നു കൊടുക്കാനാകും. പക്ഷേ പണി തീർന്നാലും തുറക്കേണ്ടെന്നാണ് തീരുമാനം. കാരണം പാലം കഴിഞ്ഞുള്ള വെങ്ങളം–അഴിയൂർ ഭാഗത്തെ റോഡുപണി എങ്ങുമെത്തിയിട്ടില്ല. വെങ്ങളം മേൽപാലം തുറന്നുകൊടുത്താൽ അതുവഴി ഇറങ്ങിവരുന്ന വാഹനങ്ങൾ സുഗമമായി കടന്നുപോകാൻ പാത പൂർത്തിയായിട്ടില്ല