ന്യൂഡൽഹി: ദൈവങ്ങളെയെങ്കിലും രാഷ്ട്രീയപ്പോരിൽ നിന്ന് ഒഴിവാക്കണമെന്ന് തിരുപ്പതി ലഡു വിവാദത്തിൽ സുപ്രീംകോടതി. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ലഡുവിൽ മൃഗക്കൊഴുപ്പ് ചേർക്കുന്നുണ്ടെന്ന് പറഞ്ഞതെന്ന് ചോദിച്ച കോടതി ആരോപണമുന്നയിച്ച മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ വിമർശിച്ചു. തിരുപ്പതി ലഡുവിൽ മായം കലർത്തിയെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ജസ്റ്റിസ് ബിആർ ഗവായിയും കെ വി വിശ്വനാഥനും അടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.
ലോകമെമ്പാടുമുള്ള നിരവധി ആളുകളുടെ വികാരത്തെ ബാധിക്കുന്നതാണ് വിഷയമെന്ന് നിരീക്ഷിച്ച കോടതി ദൈവങ്ങളെ രാഷ്ട്രീയത്തിൽ നിന്ന് അകറ്റി നിർത്തുമെന്ന് കരുതുന്നതായും പറഞ്ഞു. ആരോപണങ്ങളുടെ ആധികാരികതയിൽ സംശയമുണ്ടെന്നും കോടതി പറഞ്ഞു. വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കെ പൊതുപ്രസ്താവന ഇറക്കുന്നതിന്റെ ആവശ്യം ഉണ്ടായിരുന്നില്ലെന്നും ഉന്നത ഭരണഘടനാ പദവി കൈകാര്യം ചെയ്യുന്നയാൾ ഇത്തരത്തിൽ പെരുമാറിയത് ശരിയായില്ലെന്നും കോടതി വ്യക്തമാക്കി.
തിരുപ്പതി ക്ഷേത്രത്തിലെ ലഡു പ്രസാദം തയ്യാറാക്കാൻ നെയ്ക്ക് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് ആരോപണം ഉന്നയിച്ചത്. ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുൻ സർക്കാർ പ്രസാദം തയ്യാറാക്കാൻ മൃഗക്കൊഴുപ്പും മത്സ്യഎണ്ണയും ഉപയോഗിച്ചെന്ന് ഗുജറാത്തിലെ നാഷണൽ ഡയറി ഡെവലപ്മെന്റ് ലാബിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചുവെന്നായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ ആരോപണം. വൈഎസ്ആർ സർക്കാർ ക്ഷേത്രത്തിന്റെ പവിത്രത തകർത്തുവെന്നും നായിഡു ആരോപിച്ചിരുന്നു.
ചന്ദ്രബാബു നായിഡുവിന്റെ ആരോപണം ശരിവച്ച് ക്ഷേത്രം ട്രസ്റ്റും രംഗത്തെത്തിയിരുന്നു. സാമ്പിളുകൾ ലാബുകളിൽ പരിശോധിച്ചപ്പോൾ മൃഗക്കൊഴുപ്പ് കണ്ടെത്തിയതായും ക്ഷേത്രത്തിൽ പരിശോധനാ സൗകര്യങ്ങളില്ലാത്തതാണ് നെയ് വിതരണക്കാർ മുതലെടുത്തതെന്നും ക്ഷേത്രം ട്രസ്റ്റ് പറഞ്ഞു. ചന്ദ്രബാബുവിന്റെ പ്രസ്താവന ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.