ദർശനം കഴിഞ്ഞു മടങ്ങവെ പൊട്ടിക്കിടന്ന കേബിളിൽനിന്ന് വൈദ്യുതാഘാതമേറ്റ് ശബരിമല തീർഥാടകനു ദാരുണാന്ത്യം

news image
Jan 15, 2025, 2:32 pm GMT+0000 payyolionline.in

പത്തനംതിട്ട:∙ വടശേരിക്കരയിൽ വൈദ്യുതി തൂണിനു സമീപം പൊട്ടിക്കിടന്ന കേബിളിൽനിന്ന് വൈദ്യുതാഘാതമേറ്റ്, ശബരിമല തീർഥാടകനു ദാരുണാന്ത്യം. തമിഴ്നാട് കൃഷ്ണഗിരി ഹൊസൂർ സ്വദേശി നാഗരാജയാണ് (55) മരിച്ചത്. ചൊവാഴ്ച രാത്രി 11ന് വടശേരിക്കര പാലത്തിനു സമീപമായിരുന്നു സംഭവം. 20 അംഗ തീർഥാടക സംഘത്തിനൊപ്പം ശബരിമല ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന നാഗരാജ്. വൈദ്യുതി തൂണിനു സമീപമിരുന്നു മൂത്രമൊഴിക്കുന്നതിനിടെ നാഗരാജിനു വൈദ്യുതാഘാതമേൽക്കുകയായിരുന്നു.

ദർശനം കഴിഞ്ഞു മടങ്ങവെ, വടശേരിക്കര ചെറുകാവ് ദേവീക്ഷേത്രത്തിനു സമീപം ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിർത്തിയിരുന്നു. ഇതിനിടയിലാണ് നാഗരാജ് ഉൾപ്പെടെ എല്ലാവരും പുറത്തിറങ്ങിയത്. തുടർന്ന് വടശേരിക്കര പാലത്തോടു ചേർന്ന വൈദ്യുതി തൂണിനു സമീപമിരുന്നു മൂത്രമൊഴിക്കുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ കെഎസ്ഇബി ജീവനക്കാർ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. നാഗരാജനെ ഉടൻ തന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞവർഷം ശബരിമല തീർഥാടന സമയത്ത് വടശേരിക്കര പാലത്തിൽ താൽക്കാലികമായി വൈദ്യുതി വിളക്കുകൾ സ്ഥാപിച്ചിരുന്നു. വിളക്കുകൾ പിന്നീട് മാറ്റിയിരുന്നെങ്കിലും വൈദ്യുതി നൽകാൻ വലിച്ച കേബിളുകൾ നീക്കിയിരുന്നില്ല. ഇതിൽ പൊട്ടിക്കിടന്ന ഒരെണ്ണത്തിൽ തട്ടിയാണ് നാഗരാജിനു വൈദ്യുതാഘാതമേറ്റത്. കേബിൾ പുറത്തു കാണാൻ കഴിയാത്ത നിലയിലായിരുന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നാഗരാജയുടെ മകൻ മഹേന്ദ്ര, വടശേരിക്കര പൊലീസിലും കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർക്കും പരാതി നൽകി. കെഎസ്ഇബി ജീവനക്കാരുടെ അനാസ്ഥയാണ് നാഗരാജിന്റെ മരണത്തിനിടയാക്കിയതെന്നാണ് ആരോപണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe