കൊല്ലം: പ്രശസ്ത സിനിമാ-നാടക നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ (71) അന്തരിച്ചു. കൊല്ലം പട്ടത്താനത്തെ വസതിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. സംസ്കാരം നാളെ അദ്ദേഹത്തിന്റെ ജന്മനാടായ തൃശ്ശൂർ തൃത്തല്ലൂരിൽ നടക്കും.
മലയാള സിനിമയിൽ സ്വഭാവ നടനായും വില്ലനായും മികച്ച പ്രകടനം കാഴ്ചവെച്ച വ്യക്തിയായിരുന്നു രാജേന്ദ്രൻ. ‘കളിയാട്ടം’, ‘പട്ടാഭിഷേകം’, ‘തച്ചിലേടത്ത് ചുണ്ടൻ’, ‘നരസിംഹം’, ‘മീശമാധവൻ’ തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടു. സിനിമയ്ക്ക് പുറമെ നാടകരംഗത്തും ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം സജീവസാന്നിധ്യമായിരുന്നു. നാടകസംവിധായകൻ എന്ന നിലയിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു.
പ്രശസ്ത നാടകാഭിനേതാക്കളായ ഒ. മാധവന്റെയും വിജയകുമാരിയുടെയും മകൾ സന്ധ്യയാണ് ഭാര്യ. സിനിമാ നടൻ ദിവ്യദർശൻ മകനാണ്. പ്രശസ്ത നടനും എം.എൽ.എയുമായ മുകേഷിന്റെ സഹോദരി ഭർത്താവാണ് രാജേന്ദ്രൻ.
