വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടി അരുദ്ധതി നായരുടെ നില ഗുരുതരം. സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററില്‍ കഴിയുന്ന അരുന്ധതിക്കുവേണ്ടി ചികിത്സാ സഹായം അഭ്യര്‍ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി ഗൗരി കൃഷ്ണന്. യുട്യൂബില്‍ പങ്കുവച്ച വീഡിയോയില്‍ അരുന്ധതിയുടെ നിലവിലെ സ്ഥിതിയെക്കുറിച്ചും ഗൗരി വിശദീകരിക്കുന്നുണ്ട്.
“ഇന്ന് ആറ് ദിവസമായി അരുന്ധതിക്ക് അപകടം സംഭവിച്ചിട്ട്. ബൈക്ക് അപകടം ആയിരുന്നു. ബൈക്ക് ഓടിച്ച ആൾക്ക് നേരിയ ഒരു ഓർമ്മ മാത്രമേ ഉള്ളൂ. ഒരു ഓട്ടോയാണ് ഇടിച്ചത് എന്ന് മാത്രമാണ് ഓർമ്മ. അരുന്ധതി ബൈക്കിന്റെ പിന്നിൽ ഇരിക്കുകയായിരുന്നു. നല്ല ശക്തിയില്‍ ഉള്ള ഇടി ആയതുകൊണ്ട് അരുന്ധതിക്ക് നല്ല പരിക്കുകൾ സംഭവിച്ചിട്ടുണ്ട്. എന്താണ് സംഭവിച്ചത് എന്നുള്ളതിന്റെ വ്യക്തത ഇതുവരെയും കിട്ടിയിട്ടില്ല. അഞ്ചു ദിവസം പിന്നിട്ടിട്ടും അരുന്ധതി കോൺഷ്യസ് ആയിട്ടില്ല. ക്രിട്ടിക്കൽ സ്റ്റേജിലാണ്. വലതുവശത്തേക്കാണ് വീണത്. നട്ടെല്ലിനും കഴുത്തിനും കാര്യമായി പരിക്കുകൾ സംഭവിച്ചിട്ടുണ്ട്.”
“ജീവന് ഭീഷണിയാകുന്ന തരത്തിൽ ഇപ്പോൾ ഉള്ളത് തലയിലെ പരിക്കുകൾ ആണ്. നല്ല ചികിത്സ പോലും കൊടുക്കാൻ പറ്റുന്ന അവസ്ഥയിൽ അല്ല അരുന്ധതി ഇപ്പോൾ. ഒരു ശസ്ത്രക്രിയ ചെയ്യാനോ ആ കുട്ടിക്ക് എന്താണ് പ്രോബ്ലം എന്ന് എക്സാമിൻ ചെയ്യാനോ പറ്റുന്ന അവസ്ഥയിൽ അല്ല അവൾ ഉള്ളത്. ഇന്നലെ ആണ് എംആർഐ ചെയ്തത്. ഡോക്ടർമാർ ഒരു 10% സാധ്യതയാണ് പറയുന്നത്. ഇപ്പോഴുള്ള പ്രതിസന്ധി ആ കുട്ടിയെ ചികിത്സിക്കാനുള്ള ഫണ്ട് ആണ്. ഞങ്ങൾ എല്ലാവരും ഞങ്ങളെക്കൊണ്ട് ചെയ്യാൻ കഴിയുന്ന സഹായം ഒക്കെ ചെയ്യുന്നുണ്ട്. ഏകദേശം 50 ലക്ഷം രൂപയോളം ഇപ്പോൾ അത്യാവശ്യമാണ്.”
“അവളെ സഹായിക്കാൻ കഴിയുന്നവർ പരമാവധി സഹായിക്കണം”. സാമ്പത്തികമായി സഹായിക്കാൻ കഴിയാത്തവർ അവൾക്കുവേണ്ടി പ്രാർത്ഥിക്കുകയെങ്കിലും ചെയ്യണമെന്നും ഗൗരി പറയുന്നു. ഇത്തരമൊരു അവസ്ഥയിൽ നെഗറ്റീവ് കമൻറുകൾ ഒഴിവാക്കണമെന്നും താരം ആവശ്യപ്പെടുന്നു.