ഉത്തർപ്രദേശ് ബറേലിയിൽ ബോളിവുഡ് നടി ദിഷ പഠാനിയുടെ വീട്ടിനു നേരെ വെടിയുതിർത്ത കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. നകുൽ സിങ്, വിജയ് തോമർ എന്നിവരാണ് ഡല്‍ഹി പൊലീസിൻ്റെ പിടിയിലായത്. ഇവരെ കണ്ടെത്തി തരുന്നവര്‍ക്ക് പൊലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടുന്നതിന് സഹായകമായത്. വിജയ് ആണ് ബൈക്ക് ഓടിച്ചിരുന്നത്. നകുൽ പിൻസീറ്റിലിരുന്ന് സഞ്ചരിക്കുന്ന വിഡിയോ പൊലീസിന് ലഭിച്ചിരുന്നു. പിന്നാലെ പൊലീസ് പ്രതികളെ കണ്ടെത്തുകയായിരുന്നു.
ദിഷയുടെ വീടിനു നേരെ വെടിയുതിർത്ത രണ്ടു പേർ പൊലീസ് വെടിവെപ്പിൽ നേരത്തെ കൊല്ലപ്പെട്ടിരുന്നു. ഹരിയാന സ്വദേശികളായ രവീന്ദ്രർ, അർജുൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഡൽഹി പൊലീസ് സ്പെഷൽ സെല്ലും യുപി- ഹരിയാന പൊലീസ് എന്നിവര്‍ ചേർന്നാണ് പ്രതികളെ വെടിവെച്ച് വീഴ്ത്തിയത്.പ്രതികള്‍ക്ക് ലോറൻസ് ബിഷ്ണോയ് സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. ഇവര്‍ രോഹിത് ഗൊദാര-ഗോൾഡി ബ്രാർ ഗ്യാങ്ങിലെ അംഗങ്ങളാണ്.
സെപ്റ്റംബർ 12ന് പുലർച്ചെയാണ് ദിഷ പഠാനിയുടെ ബറേലിയിലെ സിവില്‍ ലൈനിലുള്ള വീടിന് നേരെ വെടിവെപ്പുണ്ടായത്. ദിഷയും സഹോദരി ഖുഷ്ബു പഠാണിയും ഹിന്ദു സന്യാസിമാരായ പ്രേമാനന്ദ് മഹാരാജിനെയും അനിരുദ്ധാചാര്യ മഹാരാജിനെയും അപമാനിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഇതിന് പിന്നാലെ ലോറൻസ് ബിഷ്‍ണോയ് സംഘം സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.