നടി വിന്‍ സിയുടെ പരാതി ഗൗരവമുള്ളതെന്ന് മന്ത്രി സജി ചെറിയാന്‍; ‘മുഖം നോക്കാതെ നടപടിയെടുക്കും’

news image
Apr 18, 2025, 6:54 am GMT+0000 payyolionline.in

തിരുവനന്തപുരം: ഷൂട്ടിങ്ങിനിടയിൽ ലഹരി ഉപയോഗിച്ച നടൻ മോശമായി പെരുമാറിയെന്ന നടി വിൻ സി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്നും സര്‍ക്കാര്‍ അന്വേഷിക്കുമെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഇത്തരം സന്ദർഭങ്ങളിൽ പ്രതികരിക്കുകയും നിയമപരമായ പരിഹാരത്തിന് ധൈര്യപൂർവം നിലപാട് സ്വീകരിക്കുകയും ചെയ്ത നടിയുടെ സമീപനം സ്വാഗതാർഹവും അഭിനന്ദനാർഹവുമാണെന്നും മന്ത്രി പറഞ്ഞു.

ഇത്തരം പ്രവണതകള്‍ വെച്ചു പൊറുപ്പിക്കാനാവില്ല. രാജ്യത്തിന്‌ തന്നെ മാതൃകയാണ് നമ്മുടെ സിനിമാ മേഖല. അതിന് മങ്ങലേല്‍പ്പിക്കുന്ന യാതൊരു നിയമവിരുദ്ധ പെരുമാറ്റവും അംഗീകരിക്കാന്‍ സാധിക്കില്ല. അത്തരക്കാര്‍ക്ക് എതിരെ മുഖം നോക്കാതെ നടപടിയുണ്ടാകും.

സിനിമാ മേഖലയിലെ നിയമവിരുദ്ധ ലഹരി ഉപയോഗം സംബന്ധിച്ച് ശക്തമായ പ്രതിരോധം സിനിമാ മേഖലയ്ക്ക് ഉള്ളില്‍ നിന്നു തന്നെ ഉണ്ടാവേണ്ടതുണ്ട്. ഇത്തരം ചില വിഷയങ്ങൾ നേരത്തെ ഉയർന്നു വന്നപ്പോൾ സിനിമ സംഘടനകളുടെ യോഗം ചേരുകയും സർക്കാരിന്റെ ഇക്കാര്യത്തിലെ ശക്തമായ നിലപാട് അറിയിക്കുകയും സംഘടനകൾ അത് സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. ഇനി നടക്കാൻ പോകുന്ന സിനിമ കോൺക്ലേവിലും ഈ വിഷയം ചർച്ച ചെയ്യും. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ ശക്തമായ നടപടിയിലേക്ക് സിനിമ സംവിധായകരും നിര്‍മാതാക്കളും മുന്‍കൈ എടുക്കണം. ഒറ്റക്കെട്ടായി മാത്രമേ ഇതിനെ ചെറുത്തുതോല്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ -മന്ത്രി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe