നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാര്‍ഡ് പരിശോധിച്ചത് അന്വേഷിക്കണമെന്ന ഹരജിയില്‍ വിധി ഇന്ന്

news image
Oct 14, 2024, 4:47 am GMT+0000 payyolionline.in

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാര്‍ഡ് തുറന്നത് അന്വേഷിക്കണമെന്ന ഹരജിയില്‍ ഹൈകോടതി വിധി ഇന്ന്. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് അനുമതിയില്ലാതെ തുറന്നുപരിശോധിച്ചതിനെതിരെ നടിയാണ് ഹൈകോടതിയിൽ ഹരജി നൽകിയത്. സംഭവത്തില്‍ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം നടത്തണമെന്നും കോടതിയുടെ വസ്തുതാ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.

ഹൈകോടതി സിംഗിള്‍ ബെഞ്ചാണ് വിധി പറയുക. കേസിലെ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്ന് തവണ നിയമ വിരുദ്ധമായി തുറന്നു പരിശോധിച്ചുവെന്നാണ് കണ്ടെത്തിയത്. തുടര്‍ന്ന് അന്വേഷണമാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈകോടതി, മെമ്മറി കാര്‍ഡ് ആര്, എന്തിന് പരിശോധിച്ചുവെന്ന് കണ്ടെത്തണമെന്ന് ഉത്തരവിട്ടു. രണ്ട് കോടതി ജീവനക്കാരും അങ്കമാലി മുന്‍ മജിസ്ട്രേറ്റുമാണ് മെമ്മറി കാര്‍ഡ് പരിശോധിച്ചതെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്.

അതിനിടെ, മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട ആരോപണം അന്വേഷിച്ച പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ റിപ്പോര്‍ട്ട് വസ്തുതാപരമല്ലെന്നും റദ്ദാക്കണമെന്നും കോടതി മേല്‍നോട്ടത്തില്‍ ഐ.ജി റാങ്കില്‍ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് നടി ഹൈകോടതിയില്‍ ഉപഹരജി നല്‍കുകയായിരുന്നു.

അതിനിടെ, നടിയുടെ ഹരജിയെ എതിര്‍ത്ത് കേസിലെ എട്ടാം പ്രതി ദിലീപ് കോടതിയെ സമീപിച്ചു. സംസ്ഥാന സര്‍ക്കാരിനില്ലാത്ത എതിര്‍പ്പ് അതിജീവിതയുടെ ഹര്‍ജിയില്‍ എട്ടാം പ്രതിക്ക് എന്തിനാണെന്നായിരുന്നു ഹൈകോടതി ചോദിച്ചത്. കോടതിയും അതിജീവിതയുമാണ് ഈ കേസിലെ കക്ഷികള്‍. അന്വേഷണ റിപ്പോര്‍ട്ട് നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപിനെ ബാധിക്കുന്നതല്ല എന്നും ഹൈകോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe