നടിയെ ആക്രമിച്ച കേസ്: ഭാവഭേദമില്ലാതെ പൾസർ സുനി, കുടുംബപശ്ചാത്തലം പറഞ്ഞ് കോടതിയിൽ പൊട്ടിക്കരഞ്ഞ് പ്രതികൾ, ശിക്ഷാവിധി ഇന്ന് തന്നെ

news image
Dec 12, 2025, 6:46 am GMT+0000 payyolionline.in

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധി ഇന്ന് തന്നെയുണ്ടാകും. ഇന്ന് പതിനൊന്നരയോടെയാണ് ആറ് പ്രതികളെയും കോടതിയിലെത്തിച്ചത്. വീട്ടിൽ അമ്മ മാത്രമേയുള്ളൂ, അമ്മയുടെ സംരക്ഷണ ചുമതല തനിക്കാണെന്ന് ഒന്നാം പ്രതി പൾസർ സുനിയെന്ന സുനിൽകുമാർ കോട‌തിയെ അറിയിച്ചു. കോടതി മുറിയിൽ പൊട്ടിക്കരഞ്ഞു കൊണ്ടാണ് രണ്ടാം പ്രതി മാർട്ടിൻ കോടതിയിൽ നിന്നത്. താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് മാർട്ടിൻ ആവർത്തിച്ചു. താൻ നിരപരാധിയാണ്, തെറ്റ് ചെയ്തിട്ടില്ല, ശിക്ഷയിൽ ഇളവ് വേണം. ചെയ്യാത്ത തെറ്റിന് ജയിലിൽ കിടന്നുവെന്നാണ് രണ്ടാം പ്രതി ഡ്രൈവർ മാർട്ടിന്റെ വാദം. കേസിൽ ആദ്യം അറസ്റ്റിലായത് ഡ്രൈവർ മാർട്ടിനാണ്. മൂന്നാം പ്രതി മണികണ്ഠൻ കോടതിയെ അറിയിച്ചത് മനസറിഞ്ഞ് ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ്. ഭാര്യയും മകളും മകനുമുണ്ടെന്നും തന്നോടും കുടുംബത്തോടും അലിവ് കാണിക്കണമെന്നും മണികണ്ഠൻ കോടതിയെ അറിയിച്ചു.

 

കുടുംബ പശ്ചാത്തലം പറഞ്ഞ് തനിക്ക് കുറഞ്ഞ ശിക്ഷ നൽകണെമെന്നാണ് നാലാം പ്രതി വിജീഷ് കോടതിക്ക് മുന്നിൽ പറഞ്ഞത്. താൻ തലശ്ശേരി സ്വദേശിയാണെന്നും തന്നെ കണ്ണൂർ ജയിലിൽ‌ ഇടണമെന്നുമുള്ള ഒരാവശ്യം കൂടി വിജീഷ് കോടതിയോട് അഭ്യർത്ഥിച്ചു. കേസിലെ അഞ്ചാം പ്രതി വടിവാൾ സലിമും പറഞ്ഞത് താൻ കുറ്റം ചെയ്തിട്ടില്ലെന്നാണ്. ഭാര്യയും മൂന്ന് വയസുള്ള പെൺകുട്ടിയുമുണ്ട്. ആറാം പ്രതി പ്രദീപും കരഞ്ഞുകൊണ്ടാണ് കോടതിയിൽ സംസാരിച്ചത്. എല്ലാ പ്രതികളും കുടുംബപശ്ചാത്തലം പറഞ്ഞ് കോടതിയുടെ സഹതാപം നേടാനാണ് ശ്രമിച്ചത്. മാധ്യമങ്ങൾക്ക് താക്കീത് നൽകിക്കൊണ്ടാണ് ജ‍ഡ്ജ് ഹണി എം വർ​ഗീസ് കോടതി നടപടികൾ ആരംഭിച്ചത്. കോടതിയുടെ അന്തസ് ഹനിക്കുന്ന രീതിയിലുളള പ്രവർത്തിയുണ്ടാകരുതെന്ന് ജ‍ഡ്ജ് ആവശ്യപ്പെട്ടു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe