നടിയെ ആക്രമിച്ച കേസ്; ശിക്ഷ വിധിച്ച് കോടതി, ആറ് പ്രതികൾക്കും 20 വർഷം കഠിന തടവും പിഴയും

news image
Dec 12, 2025, 11:23 am GMT+0000 payyolionline.in

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികൾക്കുളള ശിക്ഷ വിധിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. ജസ്റ്റിസ് ഹണി എം വർഗീസാണ് വിധിപ്രസ്താവം നടത്തിയത്. എല്ലാ പ്രതികൾക്കും 20 വർഷം തടവും 50,000 പിഴയുമാണ് ലഭിച്ചത്.  ഒന്നാം പ്രതി  പെരുമ്പാവൂര്‍ വേങ്ങൂര്‍ നടുവിലേക്കുടി വീട്ടില്‍ സുരേന്ദ്രന്‍ മകന്‍ സുനില്‍ എന്‍.എസ് എന്ന പള്‍സര്‍ സുനി, രണ്ടാം പ്രതി കൊരട്ടി തിരുമുടികുന്നുകര പുതുശേരി വീട്ടില്‍ ആന്‍റണി മകന്‍ മാര്‍ട്ടിന്‍ ആന്‍റണി, മൂന്നാം പ്രതി തമ്മനം മണപ്പാട്ടിപ്പറമ്പില്‍ ബാബു മകന്‍ ബി.മണികണ്ഠന്‍, നാലാം പ്രതി കണ്ണൂര്‍ കതിരൂര്‍ മംഗലശ്ശേരി വീട്ടില്‍ രാമകൃഷ്ണന്‍ മകന്‍ വി.പി.വിജീഷ്, അഞ്ചാം എറണാകുളം കുന്നുംപുറം പള്ളിക്കപ്പറമ്പില്‍ വീട്ടില്‍ ഹസ്സന്‍ മകന്‍ എച്ച് സലീം എന്ന വടിവാള്‍ സലിം,  ആറാം പ്രതി തിരുവല്ല പെരിങ്ങറ പഴയനിലത്തില്‍ വീട്ടില്‍ ഉഷ ശ്രീഹരന്‍ മകന്‍ പ്രതീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്. തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് വിധി എന്നും സമൂഹത്തില്‍ നടന്ന ചര്‍ച്ചകൾ വിധിയെ ബാധിച്ചിട്ടില്ല എന്നും പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ചുകൊണ്ടാണ് ശിക്ഷ വിധിച്ചതെന്നും ജഡ്ജി വ്യക്തമാക്കിയിട്ടുണ്ട്. പിഴത്തുക അതിജീവിതയ്ക്ക് കൈമാറണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

 

 

ഇന്ത്യന്‍ ശിക്ഷാ നിയമം 376 ഡി. കൂട്ടബലാത്സംഗം, ഐപിസി 366 സ്ത്രീയെ തട്ടിക്കൊണ്ടുപോകല്‍, ഐപിസി 342 അന്യായമായി തടങ്കലില്‍ വയ്ക്കല്‍, ഐപിസി 354 സ്ത്രീയുടെ മാന്യതക്ക് ഭംഗം വരുത്തണമെന്ന ഉദ്ദേശത്തോടെയുള്ള ബലപ്രയോഗം, ഐപിസി 354(B) സ്ത്രീയെ നഗ്നയാക്കുക എന്ന ഉദ്ദേശത്തോടെയുള്ള കുറ്റകൃത്യം, ഐപിസി 357 ക്രിമിനല്‍ ബലപ്രയോഗം, ഇതിന് പുറമെ ഐടി നിയമപ്രകാരമുള്ള കുറ്റങ്ങളും പ്രതികൾക്കെതിരെ തെളിഞ്ഞിട്ടുണ്ട്.

കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ പ്രതികൾ വിചാരണ കാലയളവിലും ജയില്‍വാസം അനുഭവിച്ചിരുന്നു. പൾസർ സുനി ഏഴുവർഷവും മാർട്ടിൻ ആന്റണി 7 വർഷവും മണികണ്ഠൻ മൂന്നര വർഷം, വിജീഷ് വി പി മൂന്നര വർഷം, വടിവാൾ സലിം രണ്ടുവർഷം, പ്രദീപ് രണ്ടുവർഷവുമാണ് ശിക്ഷ അനുഭവിച്ചത്. ശിക്ഷ സംബന്ധിച്ച് പ്രതികൾക്ക് പറയാനുളളത് കോടതി ആദ്യം കേൾട്ടിരുന്നു. തുടർന്ന് പ്രോസിക്യൂഷനും പ്രതിഭാഗവും ശിക്ഷ സംബന്ധിച്ച് വാദം നടത്തി. ഇതിനുശേഷമാണ് ശിക്ഷാ പ്രഖ്യാപനം നടന്നത്. ജീവപരന്ത്യം ശിക്ഷ കിട്ടാവുന്ന കുറ്റങ്ങൾ ആയിരുന്നു ആറു പ്രതികൾക്കുമെതിരെ തെളിഞ്ഞിരുന്നത്. കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe