ബംഗളൂരു: രേണുകസ്വാമി കൊലക്കേസിലെ ഒന്നാം പ്രതി നടൻ ദർശന്റെ പിസ്റ്റൾ ലൈസൻസ് താൽക്കാലികമായി സസ്പെൻഡ് ചെയ്യാൻ ബംഗളൂരു പൊലീസ് അഡ്മിനിസ്ട്രേറ്റിവ് ഡിവിഷൻ ഉത്തരവിട്ടു.
കേസിൽ നിലവിൽ ഹൈകോടതി അനുവദിച്ച ജാമ്യത്തിൽ കഴിയുകയാണ് ദർശൻ. വിചാരണ നടക്കുന്ന കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് പൊലീസ് ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണ് കേസ് അവസാനിക്കുന്നതുവരെ തോക്ക് കണ്ടുകെട്ടാൻ തീരുമാനമായത്. രാജരാജേശ്വരി നഗർ പൊലീസ് സ്റ്റേഷനിൽ ദർശൻ തോക്ക് കൈമാറേണ്ടിവരും.
ദർശനിൽ നിന്ന് പിസ്റ്റൾ ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബംഗളൂരു പൊലീസ് അഡ്മിനിസ്ട്രേറ്റിവ് ഡിവിഷനിലെ ഡി.സി.പി പത്മിനി സാഹു ദർശന് നോട്ടീസ് അയച്ചിരുന്നു. പ്രശസ്തനായ ആളെന്ന നിലയിൽ താൻ പോകുന്നിടത്തെല്ലാം വലിയ ജനക്കൂട്ടമുണ്ടാവാറുണ്ടെന്നും അതിനാൽ സ്വയം പ്രതിരോധത്തിനായി ഒരു പിസ്റ്റൾ ആവശ്യമാണെന്നുമായിരുന്നു ദർശന്റെ മറുപടി.
ദർശന്റെ വാദം തള്ളിക്കളഞ്ഞ ബംഗളൂരു പൊലീസ് അഡ്മിനിസ്ട്രേറ്റിവ് വിഭാഗം, മുൻകരുതൽ നടപടിയായി ദർശന്റെ തോക്ക് ലൈസൻസ് താൽക്കാലികമായി സസ്പെൻഡ് ചെയ്യുകയായിരുന്നു.