നരഭോജിക്കടുവയെ പിടിക്കാനുള്ള ദൗത്യം അവസാനഘട്ടത്തിൽ; കുങ്കിയാനകൾ കളത്തിൽ

news image
Dec 14, 2023, 1:35 pm GMT+0000 payyolionline.in

ബത്തേരി∙ വയനാട് വാകേരി കൂടല്ലൂരിലിറങ്ങി ആളെക്കൊന്ന കടുവയെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജിതമാക്കി വനം വകുപ്പ്. പൂതാടി പഞ്ചായത്തിലെ 11–ാം വാർഡിലെ നിരോധനാജ്ഞ നാലു ദിവസത്തേയ്ക്കു കൂടി നീട്ടി. ദൗത്യത്തിനായി മേഖലയിൽ കുങ്കിയാനകളെ എത്തിച്ചു. ഒരിക്കല്‍ വയനാടിനെ വിറപ്പിച്ച വടക്കനാട് കൊമ്പൻ എന്ന വിക്രവും കല്ലൂര്‍ കൊമ്പൻ എന്ന ഭരതുമാണ് കടുവയെ പിടിക്കാനായി എത്തിയ കുങ്കിയാനകൾ. കുറ്റിക്കാടുകളിൽ ഉൾപ്പെടെ കടുവയുണ്ടാകാൻ സാധ്യതയുള്ളതിനാൽ ആനയുടെ പുറത്തുകയറിയാവും തിരച്ചിൽ നടത്തുക, സാഹചര്യം ഒത്തുവന്നാൽ ആനയുടെ പുറത്തുനിന്നു മയക്കുവെടി വയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കുങ്കിയാനകളെ എത്തിച്ചത്.

കടുവയെ ഇന്നു വനം വകുപ്പ് തിരിച്ചറിഞ്ഞിരുന്നു. വനംവകുപ്പിന്റെ ഡേറ്റ ബേസിൽ ഉൾപ്പെട്ട 13 വയസ്സ് പ്രായമുള്ള ‍‍‘ഡബ്ല്യുഡബ്ല്യുഎൽ 45’ എന്ന ആൺ കടുവയാണ് കഴിഞ്ഞ ദിവസം യുവാവിനെ ആക്രമിച്ചതെന്നാണ് കണ്ടെത്തിയത്. നരഭോജി കടുവയാണെന്ന് തിരിച്ചറിഞ്ഞതിനാൽ വെടിവച്ച് കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിട്ടുണ്ട്. ദൗത്യം അവസാനഘട്ടത്തിൽ എത്തിയതോടെയാണ് കുങ്കിയാനകളെ സ്ഥലത്ത് എത്തിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe