തിരുവനന്തപുരം: പാലോട് ഇളവട്ടത്ത് ഭര്‍തൃവീട്ടിൽ നവവധു ഇന്ദുജയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിന്റെ സുഹൃത്ത് കസ്റ്റഡിയിൽ. അഭിജിത്തിന്‍റെ സുഹൃത്ത് അജാസിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. മരിച്ച ഇന്ദുജയുമായി അടുത്ത ബന്ധമുണ്ടായിരുന്നു അജാസിനെന്ന് പൊലീസ് പറയുന്നു. ഇന്ദുജയെ അജാസാണ് മര്‍ദിച്ചതെന്നും സൂചനയുണ്ട്. കസ്റ്റഡിയില്‍ എടുത്തപ്പോൾ അജാസും അഭിജിത്തും വാട്സ് ആപ് ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്തശേഷമാണ് എത്തിയതെന്ന് പറയുന്നു. ഇതിനിടെ, ഇന്ദുജയെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയിരിക്കുകയാണ്.
മകളെ അഭിജിത് ഉപദ്രവിച്ച് കെട്ടിത്തൂക്കി കൊന്നതാണെന്ന് പിതാവ് ആരോപിച്ചു. ചേച്ചി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഇന്ദുജയുടെ സഹോദരന്‍ ഷിനുവും പറയുന്നു. ഇന്ദുജയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകള്‍ ഉണ്ടെന്ന് ഇന്‍ക്വസ്റ്റില്‍ കണ്ടെത്തിയതിനു പിന്നാലെയാണ് ബന്ധുക്കളുടെ പ്രതികരണം. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകത്തിന് കേസെടുത്ത് അന്വേഷിക്കണമെന്നും അവർ പറഞ്ഞു.
കണ്ണിനു സമീപത്തും ശരീരത്തില്‍ മറ്റുഭാഗങ്ങളിലും മര്‍ദനമേറ്റതിനു സമാനമായ പാടുകളാണുള്ളതെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. നാല് മാസം മുമ്പാണ് ഇന്ദുജയെ അഭിജിത് വീട്ടില്‍നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയതെന്നും അടുത്തിടെ മകൾ വീട്ടിലെത്തിയപ്പോള്‍ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നുവെന്നും പിതാവ് പറഞ്ഞു. മകളെ പഠിപ്പിച്ച് നല്ല രീതിയിലാണ് വളര്‍ത്തിയത്. പല വിവാഹാലോചനകളും വന്നിരുന്നു. അഭിജിത് അതെല്ലാം മുടക്കി. വിവാഹം കഴിച്ച് വീട്ടില്‍ എത്തിയിട്ടും അഭിജിത്തിന്റെ അമ്മ അംഗീകരിച്ചിരുന്നില്ല. അവള്‍ക്കു വീട്ടില്‍ സ്ഥാനമില്ലെന്നാണ് പറഞ്ഞത്. അവരെല്ലാം ചേര്‍ന്നാണ് മകളെ ഉപദ്രവിച്ചതെന്നും ഇന്ദുജയുടെ പിതാവ് പറഞ്ഞു.
അഭിജിത്തിന്റെ വീട്ടിലേക്ക് പോയിട്ട് നാല് മാസമേ ആയിട്ടുള്ളൂ. ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ വീട്ടിലേക്കു വിളിച്ചു പറയുമായിരുന്നു. കുടുംബത്തിന് പലകാര്യങ്ങളിലും സംശയമുണ്ട്. ഇതിലും വലിയ പ്രശ്‌നങ്ങള്‍ ചേച്ചി മറികടന്നിട്ടുണ്ട്. ഒരിക്കലും ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ല. ഞങ്ങള്‍ അങ്ങോട്ടു ചെല്ലുന്നതും ചേച്ചി ഇങ്ങോട്ടു വരുന്നതും അവര്‍ക്ക് ഇഷ്ടമല്ലായിരുന്നുവെന്നും ഷിനു പഞ്ഞു.
പാലോട് ഇടിഞ്ഞാര്‍ കൊളച്ചല്‍ കൊന്നമൂട് സ്വദേശി ഇന്ദുജയെ വെള്ളിയാഴ്ചയാണ് ഭര്‍ത്താവ് അഭിജിത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഭിജിത്തിന്റെ വീട്ടിലെ ബെഡ്റൂമിലെ ജനലിൽ ഇന്ദുജയെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവ് അഭിജിത് ഉച്ചക്ക് വീട്ടിൽ ഭക്ഷണം കഴിക്കാനായി എത്തിയപ്പോഴാണ് ഇന്ദുജയെ ജനലിൽ തൂങ്ങിയ നിലയിൽ കാണുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. ഉടനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവ സമയം വീട്ടിൽ അഭിജിത്തിന്റെ അമ്മൂമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഇന്ദുജ സ്വകാര്യ ലാബിലെ ജീവനക്കാരിയും അഭിജിത്ത് സ്വകാര്യ വാഹന കമ്പനിയിലെ ജീവനക്കാരനുമാണ്. രണ്ട് വർഷത്തെ പ്രണയത്തിനൊടുവിൽ നാല് മാസം മുമ്പാണ് അഭിജിത്തിന്‍റെയും ഇന്ദുജയുടെയും വിവാഹം നടന്നത്. ഇന്ദുജയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി അമ്പലത്തിൽ വെച്ച് താലി ചാർത്തുകയായിരുന്നു.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ഇന്ദുജയുടെ പിതാവ് ശശിധരൻ കാണി പാലോട് പൊലീസിൽ പരാതി നൽകിയിരുന്നു. മകളെ കാണാൻ അഭിജിത്തിന്റെ വീട്ടുകാർ അനുവദിച്ചിരുന്നില്ലെന്ന് പരാതിയിൽ പറയുന്നു. ഭർതൃവീട്ടിൽ നിരന്തരം മാനസിക പീഡനങ്ങളും ഭീഷണിയും നേരിടുന്നതായി മകൾ തങ്ങളെ അറിയിച്ചിരുന്നെന്നും എന്നാൽ തങ്ങളെ അവിടേക്ക് ചെല്ലാൻ അനുവദിച്ചിരുന്നില്ലെന്നുമാണ് ഇന്ദുജയുടെ കുടുംബം ആരോപിക്കുന്നത്.