നവീൻ ബാബുവിന് പകരം പുതിയ എ.ഡി.എം; കണ്ണൂരിൽ ചുമതലയേറ്റ് പത്മചന്ദ്രക്കുറുപ്പ്

news image
Oct 30, 2024, 7:53 am GMT+0000 payyolionline.in

കണ്ണൂര്‍: നവീൻ ബാബുവിന് പകരം കൊല്ലം സ്വദേശി പത്മചന്ദ്രക്കുറുപ്പ് കണ്ണൂരിൽ പുതിയ എ.ഡി.എമ്മായി ചുമതലയേറ്റു. നേരത്തെ പത്മചന്ദ്രക്കുറുപ്പ് സ്ഥാനമേറ്റെടുക്കാൻ വിസമ്മതിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കൊല്ലത്ത് നിന്ന് വിടുതൽ നേടിയാണ് അദ്ദേഹം കണ്ണൂരിലെത്തിയിരിക്കുന്നത്. പ്രതീക്ഷയോടെയാണ് പുതിയ ചുമതല ഏറ്റെടുക്കുന്നതെന്ന് പത്മചന്ദ്രക്കുറുപ്പ് വ്യക്തമാക്കി. വിവാദങ്ങൾ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ നവീൻ ബാബുവിന് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ച ഉടൻതന്നെ പത്മചന്ദ്രക്കുറുപ്പിനെ കണ്ണൂരിലേക്ക് മാറ്റി നിയമിച്ചിരുന്നു. നവീന്റെ മരണത്തെ തുടർന്നുണ്ടായ വിവാദങ്ങളും കേസുമാണ് ചുമതലയേൽക്കാൻ വൈകുന്നതിന് കാരണമായത്. രണ്ടാഴ്ചത്തെ അവധിക്കു ശേഷമാണ് പത്മചന്ദ്രക്കുറുപ്പ് ചുമതലയേറ്റത്. എന്നാൽ സ്ഥാനമേറ്റെടുക്കാൻ വിസമ്മതിച്ചുവെന്ന റിപ്പോർട്ടുകളെ അദ്ദേഹം തള്ളി.

നവീൻ ബാബു നല്ല ഉദ്യോഗസ്ഥനാണെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളതെന്ന് പത്മചന്ദ്രക്കുറുപ്പ് പ്രതികരിച്ചു. കണ്ണൂരിൽ എ.ഡി.എം ആത്മഹത്യ ചെയ്ത സംഭവത്തിൽ നിയമപരമായ നടപടികൾ കഴിഞ്ഞിട്ടുണ്ട്. നിയമപരമായ രീതിയിൽ തന്നെയായിരിക്കും കാര്യങ്ങൾ ഇനിയും മുന്നോട്ട് പോകുന്നത്. 23ാം തിയതിയാണ് കൊല്ലത്ത് നിന്ന് വിടുതൽ ഉണ്ടായത്. ദേശീയപാത വിഭാഗത്തിൽ ആയിരുന്നു. ചുമതല ഏറ്റെടുക്കുന്നതിൽ കാലതാമസം ഉണ്ടായിട്ടില്ല. ശുഭാപ്തി വിശ്വാസത്തോടെയാണ് വന്നിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം എ.ഡി.എമ്മിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ റിമാന്റിലുള്ള സി.പി.എം നേതാവ് പി.പി. ദിവ്യ ജാമ്യാപേക്ഷയുമായി തലശ്ശേരി കോടതിയെ സമീപിക്കും. കണ്ണൂർ കലക്ടറുടെ മൊഴിയടക്കം പുതിയ ജാമ്യാപേക്ഷയിൽ പരാമർശിക്കുന്നുണ്ട്. തെറ്റ് പറ്റിയതായി എ.ഡി.എം പറഞ്ഞുവെന്ന കലക്ടറുടെ മൊഴി ഉള്ളതായി ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാണിക്കുന്നു. പ്രശാന്തനെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള സർക്കാർ ഉത്തരവ് കൈക്കൂലി ആരോപണം ശരിവെക്കുന്നതാണെന്നും ജാമ്യ ഹരജിയിൽ പറയുന്നു. യാത്രയയപ്പ് യോഗത്തിൽ സംസാരിച്ചത് അഴിമതിക്കെതിരെയാണെന്നും എ.ഡി.എമ്മിന് മനോവേദന ഉണ്ടാക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും പി.പി. ദിവ്യ അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe