കോഴിക്കോട്: ഈസ്റ്റ് മൂഴിക്കലിൽ 16കാരി നസ്രീനയെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഷാൾ ഉപയോഗിച്ച് കഴുത്തിൽ വരിഞ്ഞുമുറുക്കിയെന്നും കൈകൾ കൊണ്ട് മൂക്കും വായും പൊത്തിപ്പിടിച്ചുവെന്നുമാണ് പോസ്റ്റ് മോർട്ടത്തിലെ കണ്ടെത്തൽ.
അദിനാൻ മരിച്ചതും ശ്വാസംമുട്ടിയാണ് എന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സെല്ലോ ടേപ്പ് മൂക്കിലും വായിലും ചുറ്റിയ നിലയിലായിരുന്നു അദിനാൻറെ മൃതദേഹം. ഇന്നലെ പുലർച്ചയോടുകൂടിയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. നസ്രീനയെ ബന്ധുകൂടിയായ ഇരുപതുകാരൻ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടിലെ മുറിയിൽ വെച്ചാണ് കൊലപാതകം. സംശയം തോന്നിയെത്തിയ ബന്ധുക്കൾ അദിനാനെ മുറിയിൽ പൂട്ടിയിട്ട് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. ഇതിനിടെ അദിനാൻ ജീവനൊടുക്കുകയായിരുന്നു.
മുൻ വൈരാഗ്യത്തെ തുടർന്ന് ആസൂത്രിതമായാണ് കൊല നടത്തിയതെന്നാണ് സൂചന. പഠനകാലത്ത് നസ്രിയുടെ വീട്ടിൽ താമസിച്ചിരുന്ന അദിനാൻ പണാപഹരണം നടത്തിയത് പിടികൂടിയതാണ് മുൻ വൈരാഗ്യത്തിന് കാരണം. അദിനാൻ ഇന്നലെ രാത്രി 7.30 ഓടുകൂടി നസ്രിനയുടെ വീട്ടിലെത്തി. പിന്നാമ്പുറത്തെ സിസിടിവി ക്യാമറ തിരിച്ചുവെക്കുകയും പ്രതി മുകൾ നിലയിലെ പെൺകുട്ടിയുടെ മുറിയിൽ ഒളിച്ചിരിക്കുകയുമായിരുന്നു. കൊലപാതകത്തിനുശേഷം താഴെയുള്ള മുത്തശ്ശിയുടെ തലയിണയ്ക്ക് അടിയിലെ താക്കോൽ എടുക്കാനും പ്രതി ശ്രമിച്ചു. ഇതിനിടയാണ് വീട്ടുകാർ വിവരമറിയുന്നത്.
