കോഴിക്കോട്: നാടക ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നാണ് അന്ത്യം. ഏറെ നാൾ കിടപ്പിലായിരുന്നു. സുഡാനി ഫ്രം നൈജീരിയ അടക്കമുള്ള സിനിമകളിൽ അഭിനയിച്ചു. കെ ടി മുഹമ്മദിന്റെ നിരവധി നാടകങ്ങളിൽ നായികയായിരുന്നു. തിരുവള്ളൂരിലെ വീട്ടിലായിരുന്നു അന്ത്യം സംഭവിച്ചത്.
ഏറെ വർഷങ്ങളായി നാടക രംഗത്ത് സജീവമായിരുന്നുവെങ്കിലും വെള്ളിത്തിരയിൽ വളരെ വൈകിയാണ് സാവിത്രി ശ്രീധരൻ ശ്രദ്ധിക്കപ്പെട്ടത്. മുമ്പ് ചില ചെറിയ വേഷങ്ങളിൽ വെള്ളിത്തിരയിൽ എത്തിയിരുന്നെങ്കിലും സുഡാനി ഫ്രം നൈജീരിയയിലെ ജമീല ഉമ്മ എന്ന കഥാപാത്രത്തിലൂടെയാണ് സാവിത്രി ശ്രീധരൻ എന്ന നടി മലയാളിയുടെ ഹൃദയത്തിൽ ചേക്കേറിയത്. കോഴിക്കോട്ടെ നാടക വേദികളിൽ പതിറ്റാണ്ടുകളായി സജീവ സാന്നിധ്യമായിന്നു സാവിത്രി.
1960കൾ മുതലാണ് സാവിത്രി നാടകങ്ങളിൽ അഭിനയിച്ച് തുടങ്ങിയത്. കാരാ യുവജന കലാസമിതിയിലൂടെയാണ് അഭിനയജീവിതത്തിന്റെ തുടക്കം. പിന്നീട് കെ ടി മുഹമ്മദിന്റെ നിരവധി നാടകങ്ങളെിൽ അഭിനയിച്ചു. ശ്രദ്ധേയമായ നിരവധി വേഷങ്ങൾ അക്കാലത്ത് ചെയ്തിരുന്ന സാവിത്രിക്ക് സംഗീത നാടക അക്കാദമി പുരസ്കാരവും ലഭിച്ചു. പിന്നീട് എം ടി വാസുദേവൻ നായരുടെ കടവ് എന്ന ചിത്രത്തിലൂടെ 1991ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് ഏറെക്കാലത്തിന് ശേഷമാണ് സുഡാനി ഫ്രം നൈജീരിയയിൽ എത്തുന്നത്. ഈ ചിത്രത്തിലൂടെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ദേശീയ അവാർഡിൽ പ്രത്യേക ജൂറി പരാമർശവും നേടിയിരുന്നു. ഡാകിനി, ക്രിസ്റ്റി, വൈറസ്, പാപ്പൻ, പട തുടങ്ങിയ ചിത്രങ്ങളിലും സാവിത്രി ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
