പയ്യോളി: കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും സമഗ്രമായ മുന്നേറ്റത്തിനും ഏറ്റവും അനുയോജ്യമായ മാധ്യമമാണ് നാടകമെന്ന് പ്രശസ്ത നാടക സംവിധായകനും കേരള സംഗീത നാടക അക്കാദമി പുരസ്കാര ജേതാവുമായ മനോജ് നാരായണൻ പറഞ്ഞു. മേലടി എസ്.എൻ.ബി.എം ഗവ. യു.പി സ്കൂൾ വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നാടകക്കളരി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.ടി.എ പ്രസിഡന്റ് സി. പ്രമോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, മനോജ് നാരായണനുള്ള സ്കൂളിന്റെ ഉപഹാരം ബി.ആർ.സി ട്രെയിനർ ഉദയേഷ് ചേമഞ്ചേരി സമർപ്പിച്ചു. പ്രധാനാധ്യാപകൻ എം.സി. പ്രമോദ്, അജയകുമാർ, അഖിൽ കാപ്പിരിക്കാട്, ചന്ദ്രൻ മുദ്ര, ആർ.എസ്. ദീപ എന്നിവർ ആശംസകൾ നേർന്നു. ഉദ്ഘാടനത്തിന് ശേഷം നടന്ന നാടക പരിശീലന പരിപാടികൾക്ക് മനോജ് നാരായണൻ നേരിട്ട് നേതൃത്വം നൽകി. സ്കൂളിലെ നിരവധി വിദ്യാർത്ഥികൾ പരിശീലനത്തിന്റെ ഭാഗമായി.
