നാടിനെ നാറ്റിച്ച് മാലിന്യ കൂമ്പാരം! ബയോമൈനിംഗ് മെഷീൻ എത്തിയിട്ടും കൊച്ചിയിലെ മാലിന്യ നീക്കം എങ്ങുമെത്തിയില്ല

news image
Jul 27, 2024, 5:11 am GMT+0000 payyolionline.in

കൊച്ചി: സംസ്ഥാന സർക്കാരിന്‍റെ ഖരമാലിന്യ സംസ്കരണ പദ്ധതി വഴി ഏറ്റവും കൂടുതൽ മാലിന്യമല നീക്കം ചെയ്യേണ്ട എറണാകുളം ജില്ലയിലും പദ്ധതി നടത്തിപ്പിൽ
മെല്ലപ്പോക്ക്. അഞ്ചിൽ രണ്ടിടങ്ങളിൽ ബയോമൈനിംഗ് മെഷീൻ എത്തിച്ചെങ്കിലും പ്രാഥമിക അനുമതി ഇല്ലാത്തതിനാൽ എവിടെയും ഒരു ലോഡ് മാലിന്യം പോലും
നീക്കം ചെയ്തിട്ടില്ല. അടുത്ത മെയ് മാസത്തിനുള്ളിൽ ബയോ മൈനിംഗ് നടത്തി ഭൂമി വീണ്ടെടുത്തില്ലെങ്കിൽ മാലിന്യ സംസ്കരണ പ്ലാന്‍റിന്‍റെ നിർമ്മാണവും വൈകും.

ബ്രഹ്മപുരം തീപ്പിടുത്തതിന് ശേഷമാണ് നഗരസഭകൾ കേന്ദ്രീകരിച്ചുള്ള മാലിന്യബോംബുകളെ നിർവീര്യമാക്കാൻ സംസ്ഥാന സർക്കാർ നടപടികൾ തുടങ്ങിയത്. കളമശ്ശേരിയിൽ രണ്ട് ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന മാലിന്യമലയ്ക്ക് പ്രഖ്യാപനത്തിന് ശേഷവും മാറ്റമൊന്നും ഉണ്ടായിട്ടില്ല. കളമശ്ശേരി നഗരസഭയിൽ കഴിഞ്ഞ 40വർഷമായുള്ള 44,742 മെട്രിക് ടൺ മാലിന്യമാണ് കുന്നുകൂടിയിരിക്കുന്നത്. ഇക്കഴിഞ്ഞ മാർച്ചിൽ പദ്ധതി തുടങ്ങി അടുത്ത മെയ് മാസത്തിനുള്ളിൽ മാലിന്യമല നീക്കം ചെയ്യുമെന്നാണ് പ്രഖ്യാപനം.

എന്നാൽ, സാങ്കേതിക കുരുക്ക് അഴിയാതെ വന്നതോടെ മാലിന്യ നീക്കം നടന്നില്ല. മാലിന്യം നീക്കം ചെയ്യാൻ കരാർ ഏറ്റെടുത്ത എസ്.എം.എസ് കമ്പനി കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ബയോമൈനിംഗിനുള്ള ഈ മെഷീൻ ഇവിടെ കൊണ്ട് ഇട്ടത്. മാസങ്ങൾ പിന്നിട്ടിട്ടും ഫയർ എൻ ഒ സി യും ലഭിച്ചില്ല..പൊലുഷൻ കൺട്രോൾ ബോർഡിന്‍റെ അനുമതിയും വൈകുകയാണ്. ഇനി ഈ മഴക്കാലമൊന്ന് കഴിയണം ഈ മെഷീനൊന്ന് അനങ്ങി കാണാൻ. അടുത്തുള്ള തോട്ടിലേക്ക് മലിനജലമൊഴുകുമെന്നാണ് അനുമതി നല്‍കാതിരിക്കാൻ പിസിബി ഉയർത്തുന്ന കാരണം. എന്നാൽ ഇവിടെ മണ്ണ് പരിശോധനയിൽ 8.5മീറ്റർ താഴ്ചയിലാണ് പ്ലാസ്റ്റിക് മാലിന്യം കുഴിച്ചിട്ടതെന്ന് തെളിഞ്ഞിട്ടും പരിഹാരം നീണ്ടു.

ബയോമൈനിംഗിന് ഏറ്റവും അനുയോജ്യമായ വേനൽക്കാലം മുഴുവൻ അനുമതികളിൽ തട്ടി നഷ്ടമായി. മാലിന്യമല നീക്കിശേഷമെ സ്ഥലത്ത് നഗരസഭയുടെ മാലിന്യസംസ്കരണ യൂണിറ്റ് പണി തുടങ്ങാനാകു.എറണാകുളം ജില്ലയിൽ കളമശ്ശേരി നഗരസഭയിലെ അടക്കം അഞ്ച് ഡംപിങ് യാർഡുകളിലാണ് പദ്ധതി പ്രഖ്യാപനം. മൂവാറ്റുപുഴയിൽ ബയോ മൈനിംഗ് മെഷീൻ എത്തിയിട്ടുണ്ട്. എന്നാൽ പണിയൊന്നും തുടങ്ങിയിട്ടില്ല. മറ്റിടങ്ങിൽ കളമശ്ശേരി ഗ്രൗണ്ട് ക്ലിയർ ചെയ്ത ശേഷമായിരിക്കും ബയോമൈനിംഗ് മെഷീൻ എത്തിച്ച് പദ്ധതി തുടങ്ങാനാവുക. കോതമംഗലം. കൂത്താട്ടുകുളം , മൂവാറ്റുപുഴ, വടക്കൻ പറവൂർ,നഗരസഭകൾ ക്യൂവിലാണ്. പദ്ധതി പ്രഖ്യാപനത്തിലെ വേഗത പദ്ധതി നടത്തിപ്പിൽ ഇല്ലാത്തതിൽ  പൊതുജനങ്ങളും കടുത്ത പ്രതിഷേധത്തിലാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe