ന്യൂഡൽഹി: വനിത സംവരണ ബിൽ ലോക്സഭ പാസാക്കി. 454 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. രണ്ട് പേരാണ് ബില്ലിനെ എതിർത്ത് വോട്ട് ചെയ്തതെന്ന് സ്പീക്കർ ഓം ബിർള അറിയിച്ചു. ലോക്സഭയിലും നിയമസഭയിലും 33 ശതമാനം സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യുന്ന ഭരണഘടന ഭേദഗതി ബില്ലാണ് ലോക്സഭയിൽ അവതരിപ്പിച്ചത്. ബിൽ നാളെ രാജ്യസഭ പരിഗണിക്കും.
ഭരണഘടനയുടെ 128ാം ഭേദഗതിയാണിത്. നാരി ശക്തി വന്ദൻ അധിനിയം എന്നാണ് ബില്ലിന് പേരിട്ടിരിക്കുന്നത്. വനിതാ സംവരണ ബിൽ ആദരവിന്റെ അടയാളവും പുതിയ യുഗത്തിന്റെ തുടക്കവുമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
നേരത്തെ രാഹുൽ ഗാന്ധിയും ബില്ലിൽ പ്രതികരണം നടത്തിയിരുന്നു. ബില്ലിൽ ഒ.ബി.സി വിഭാഗത്തിന് പ്രത്യേക സംവരണം വേണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ബിൽ ഇന്ന് തന്നെ യാഥാർഥ്യമാക്കാൻ കഴിയുമെങ്കിൽ അത് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.