തിരുവനന്തപുരം: പുതിയ സാമ്പത്തിക വർഷം ആരംഭിച്ചതോടെ, നികുതിവർധനകളടക്കം മാറ്റങ്ങളും ആനുകൂല്യങ്ങളും പ്രാബല്യത്തിൽ. സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച നികുതിനിർദേശങ്ങളും കേന്ദ്രസർക്കാറിന്റെ പുതിയ ആദായ നികുതി സ്ലാബുകളും മൊബൈൽ ഫോൺ സേവന ദാതാക്കളുമായി ബന്ധപ്പെട്ട ട്രായ് നിർദേശങ്ങളുമാണ് ഇതിൽ പ്രധാനം. ഭൂനികുതി സ്ലാബുകളിൽ 50 ശതമാനം വർധനയാണുണ്ടായത്. പഞ്ചായത്ത് പ്രദേശത്ത് ഒരു ആറിന് (2.47 സെന്റ്) പ്രതിവർഷം അഞ്ചു രൂപയുള്ളത് ഏഴര രൂപയായി. 8.1 ആർ (20 സെന്റ്) വരെ ഈ നിരക്കായിരിക്കും. 8.1 ആറിന് മുകളിൽ വിസ്തൃതിയുള്ളവർക്ക് നിലവിൽ ഒരു ആറിന് എട്ട് രൂപയുള്ളത് 12 രൂപയായി.
പുതിയ ആദായനികുതി സ്ലാബുകൾ പ്രാബല്യത്തിൽ
പൂർണ ആദായനികുതിയൊഴിവിനുള്ള വാർഷികവരുമാന പരിധി ഏഴു ലക്ഷം രൂപയിൽനിന്ന് 12 ലക്ഷമായി. ഈ പരിധി കടക്കുന്നവർക്ക് 0-4 ലക്ഷം വരെ നികുതിയില്ല. 4-8 ലക്ഷം വരെ അഞ്ചു ശതമാനം. 8-12 ലക്ഷം വരെ 10 ശതമാനം. 12-16 ലക്ഷം വരെ 15 ശതമാനം. 16-20 ലക്ഷം വരെ 20 ശതമാനം. 20-24 ലക്ഷം വരെ 25 ശതമാനം. 24 ലക്ഷത്തിനു മുകളിൽ 30 ശതമാനം എന്നിങ്ങനെയാണ് നിരക്ക്.
ആനൂകൂല്യങ്ങൾ ഇങ്ങനെ
സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിൽ മൂന്ന് ശതമാനം വർധന. ഏപ്രിലിലെ ശമ്പളം മുതലാണിത്. ദിവസ വേതന, കരാർ ജീവനക്കാരുടെ വേതനം അഞ്ചു ശതമാനം കൂടും. ജീവനക്കാരുടെ ഭവനനിർമാണ വായ്പയിൽ രണ്ടു ശതമാനം പലിശയിളവ്. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ മിനിമം ദിവസവേതനം 369 രൂപയായി. 23 രൂപയാണ് വർധിച്ചത്. നിലവിൽ 346 രൂപയാണ്.
ഗഹാൻ രജിസ്ട്രേഷന് ചെലവേറി
സഹകരണ ബാങ്കുകളിലെ ഭൂമി പണയപ്പെടുത്തി വായ്പയെടുക്കുമ്പോള്‍ രജിസ്റ്റര്‍ ചെയ്യുന്ന പണയം (ഗഹാന്) രജിസ്ട്രേഷനും ബാധ്യത ഒഴിയുമ്പോഴുള്ള ഒഴിമുറിക്കും (ഗഹാൻ റിലീസ്) ഫീസ് കൂടി. സൗജന്യമായിരുന്ന ഗഹാന് രജിസ്ട്രേഷന് കഴിഞ്ഞ വര്‍ഷമാണ് 100 രൂപ ഈടാക്കി തുടങ്ങിയത്. ഇനി 100 രൂപക്ക് രണ്ടു ലക്ഷം രൂപ വരെയുള്ള ഗഹാന് രജിസ്ട്രേഷനേ സാധ്യമാകൂ. 10 ലക്ഷം രൂപ വരെയുള്ളതിന് 200 രൂപയും 20 ലക്ഷം വരെയുള്ളതിന് 300 രൂപയും 30 ലക്ഷം രൂപവരെയുള്ളതിന് 400 രൂപയും 30 ലക്ഷം രൂപക്ക് മുകളിലുള്ളതിന് 500 രൂപയും നല്‍കണം. ബാധ്യത തീര്‍ക്കുമ്പോഴും ഒഴിമുറിക്ക് ഇതേ നിരക്കിൽ ഫീസ് നല്‍കണം.
ഷോക്കടിപ്പിച്ച് ഇ-വാഹനവില
സ്വകാര്യ ഇലക്ട്രിക് വാഹനങ്ങളുടെ വിലയിലും വർധന. നേരത്തെ ഇ-വാഹനങ്ങൾക്ക് 15 വർഷത്തെ നികുതിയായി അഞ്ച് ശതമാനമാണ് ഈടാക്കിയിരുന്നത്. ഏപ്രിൽ ഒന്ന് മുതൽ വിലക്ക് അനുസരിച്ച് നികുതി കൂടി. 15 ലക്ഷത്തിന് മുകളിൽ വിലയുള്ള ഇലക്ട്രിക് വാഹനത്തിന് വിലയുടെ എട്ട് ശതമാനമാണ് പുതിയ നികുതി. 20 ലക്ഷത്തിന് മുകളിലുള്ള വാഹനങ്ങൾക്ക് വിലയുടെ പത്ത് ശതമാനം. ബാറ്ററി വാടകക്ക് ലഭ്യമാകുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് വിലയുടെ പത്ത് ശതമാനവും നികുതി നിലവിൽ വന്നു. 15 വർഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങൾക്ക് നികുതിയിൽ 50 ശതമാനം വർധന നിലവിൽ വന്നു. മോട്ടോർ സൈക്കിൾ, സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന മുച്ചക്രവാഹനങ്ങൾ, മോട്ടോർ കാറുകൾ എന്നിവക്കെല്ലാം വർധന ബാധകമാണ്.
ജാമ്യത്തിന് ചെലവ് കുറയും
ജില്ല കോടതികളിൽ നിലവിൽ ഒരാൾക്ക് ജാമ്യത്തിന് അപേക്ഷിക്കുന്നതിന് 500 രൂപയാണ് ഫീസ്. ഇത് 200 രൂപയാക്കി കുറച്ചു. എത്ര പേർ കേസിലുണ്ടായാലും പരമാവധി 1000 രൂപയായി നിജപ്പെടുത്തിയിട്ടുമുണ്ട്. ഹൈകോടതിയിൽ നിലവിൽ ഒരാൾക്ക് ജാമ്യാപേക്ഷ ഫീസ് 200 രൂപയാണ്. ഇത് 100 രൂപയായി കുറച്ചു. ആളുകൾ എത്രയാണെങ്കിലും 500 രൂപയായി നിജപ്പെടുത്തി.
സർഫാസി നിയമപ്രകാരം ഏറ്റെടുക്കുന്നതിനുള്ള ‘സെക്വേർഡ് അസറ്റി’നുള്ള ഹരജിക്ക് 1000 രൂപ ഫീസ് ചുമത്തും. ഭാഗംവെക്കൽ ഹരജിക്ക് (വകുപ്പ് 37) മുൻസിഫ് കോടതിയിൽ 500 രൂപയും സബ്കോടതി/ ജില്ല കോടതിയിൽ 2000 രൂപയായും ഉയർന്നു.
കോൺട്രാക്ട് കാര്യേജ്: നികുതി നിരക്കിൽ ഏകീകരണം
പുഷ് ബാക്ക് സീറ്റുകളുള്ള കോൺട്രാക്ട് കാര്യേജുകളുടെ ത്രൈമാസ നികുതി കുറഞ്ഞു. നിലവിൽ ഇത്തരം വാഹനങ്ങളിലെ സീറ്റ് എണ്ണം 6-12 വരെയുള്ളതിന് ഓർഡിനറി സീറ്റിന് 280 രൂപയും പുഷ്ബാക്കിന് 450 രൂപയും സ്ലീപ്പർ സീറ്റിന് 900 രൂപയുമുള്ളത് ഏകീകരിച്ച് ത്രൈമാസ നിരക്ക് ഓരോ സീറ്റിനും 350 രൂപയായി. 13 മുതൽ 20 വരെ സീറ്റുള്ളവക്ക് യഥാക്രമം 480, 680, 1350 രൂപ നികുതിയുണ്ടായിരുന്നത് ഏകീകരിച്ച് ഓരോ യാത്രക്കാനും ത്രൈമാസ നിരക്ക് 600 രൂപയായി നിജപ്പെടുത്തി. 20ലധികം സീറ്റുള്ളവക്ക് 680, 900, 1800 നിരക്കിലുള്ള നികുതി ഏകീകരിച്ച് 900 രൂപയായി. സ്ലീപ്പർ ബർത്തുള്ള ഹെവി പാസഞ്ചർ കോൺട്രാക്ട് കാര്യേജ് വാഹനങ്ങളുടെ ത്രൈമാസ നികുതി ഓരോ ബെർത്തിനും 1800 രൂപയുള്ളത് 1500 രൂപയായി.
നികുതികുടിശ്ശിക: തീർപ്പാക്കലിന് ആനംസ്റ്റി
ജി.എസ്.ടി വരുന്നതിന് മുമ്പുള്ള നികുതി കുടിശ്ശിക തീർപ്പാക്കുന്നതിന് ആംനസ്റ്റി പദ്ധതി പുതിയ രൂപത്തിൽ. കഴിഞ്ഞ വർഷത്തെ ആനംസ്റ്റി പദ്ധതിയിൽ (2024) ഭേദഗതികളോടെയാണ് സമാശ്വാസ പദ്ധതി. ഒരു കോടിയും അതിലധികവും നികുതി കുടിശ്ശികയുള്ളവർ ഉൾപ്പെടുന്ന സ്ലാബിലാണ് ഇളവ്. ഇതിൽ കോടതി വ്യവഹാരമുള്ള കേസുകളിൽ അടക്കേണ്ട തുക 70 ശതമാനത്തിൽ നിന്ന് 50 ശതമാനമാക്കിയും വ്യവഹാരമില്ലാത്തവക്ക് 80 ശതമാനം 60 ശതമാനമാക്കിയുമാണ് ഭേദഗതി. 2021 ജൂലൈ വരെയുള്ള പ്രളയ സെസ് അടക്കാൻ ബാക്കിയുള്ളവർക്ക് പിഴയും പലിശയുമില്ലാതെ അടക്കാനുള്ള പ്രളയ സെസ് ആനംസ്റ്റിയും നിലവിൽ വന്നു.
യു.പി.എസ് പെൻഷൻ പ്രാബല്യത്തിൽ
കേന്ദ്രസർക്കാർ ജീവനക്കാർക്കുള്ള പുതിയ യൂനിഫൈഡ് പെൻഷൻ സ്കീം (യു.പി.എസ്) പ്രാബല്യത്തിൽ. യു.പി.എസിലേക്ക് മാറണമെങ്കിൽ ജൂൺ 30ന് മുമ്പ് ഓപ്ഷൻ നൽകണം. ഏപ്രിൽ ഒന്നു മുതൽ കേന്ദ്ര സർവിസിൽ പ്രവേശിക്കുന്നവർ പിന്നീടുള്ള 30 ദിവസത്തിനകം യു.പി.എസിനായി അപേക്ഷ നൽകണം.
മൊബൈൽ സേവനം മുടങ്ങിയാൽ നഷ്ടപരിഹാരം
ഒരു ജില്ലയിൽ മൊബൈൽ സേവനം 24 മണിക്കൂറെങ്കിലും മുടങ്ങിയാൽ അവിടെ രജിസ്റ്റർ ചെയ്ത ഉടമകൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള ട്രായ് നിർദേശം പ്രാബല്യത്തിൽ. ദിവസത്തെ വാലിറ്റിഡി തനിയെ ക്രെഡിറ്റ് ആകും. ഒരു ജില്ലയിലോ സംസ്ഥാനത്തോ കുറഞ്ഞത് നാലു മണിക്കൂർ സേവനതടസ്സമുണ്ടായാൽ കമ്പനി ട്രായിയെ 24 മണിക്കൂറിനകം അറിയിക്കണം. മൂന്നു മാസം വരെ ഉപയോഗിക്കാത്ത മൊബൈല്‍ നമ്പറുകള്‍ യു.പി.ഐ അക്കൗണ്ടില്‍ നിന്ന് നീക്കും. സൈബര്‍ തട്ടിപ്പുകള്‍ തടയാനാണ് പുതിയ സംവിധാനം. ആഴ്ചയിലൊരിക്കൽ ബാങ്കുകളും പേമെന്റ് സേവന കമ്പനികളും ഡേറ്റ ബേസ് പരിഷ്കരിക്കും.