നിതിൻ രാജിന്റെ മരണം; അന്വേഷണ ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് നീക്കണം: വിമർശനവുമായി ഹൈക്കോടതി

news image
Jul 22, 2026, 7:42 am GMT+0000 payyolionline.in

കൊച്ചി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ അറസ്റ്റിലായ ഡോ. എംകെ റാമിനെ വിട്ടയച്ച സംഭവത്തിൽ പൊലീസിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിക്ക് എതിരെയാണ് വിമർശനം. പ്രതിയെ അറസ്റ്റ് ചെയ്യാൻ ഒരു കാര്യവും പൊലീസ് ചെയ്തില്ലെന്ന് ഹൈക്കോടതി വിമർശിച്ചു. പ്രതിയെ രക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് കേസ് അന്വേഷിക്കുന്നത്. അറസ്റ്റിനുള്ള കാരണം അറിയിക്കണം എന്ന് ഉദ്യോഗസ്ഥന് അറിയില്ലേ എന്നും കോടതി ചോദിച്ചു.

അറസ്റ്റിനുള്ള കാരണം കാണിച്ചില്ലെങ്കിൽ അറസ്റ്റ് നിയമ വിരുദ്ധമാണെന്ന് ഉദ്യോഗസ്ഥന് അറിയാം. സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കേസിൽ ബന്ധമുണ്ടെന്നും കോടതിയുടെ രൂക്ഷ വിമർശനമുണ്ടായി. പ്രതിയെ രക്ഷിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടു. അന്വേഷണ ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് നീക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പണത്തിന് മീതെ പരുന്തും പറക്കില്ലല്ലോ എന്നായിരുന്നു ജസ്റ്റിസ് എ ബദറുദീൻ അധ്യക്ഷനായ സിംഗിൾ ബഞ്ചിന്റെ പരാമർശം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പ്രതിയുടെ അഭിഭാഷകനും തമ്മിലുള്ള ബന്ധം പരിശോധിക്കണം. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ അന്വേഷണം നടത്തണം. ഇല്ലെങ്കിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തുമെന്നും കോടതി പറഞ്ഞു. ഭരണകൂടത്തിന്റെ സമ്പൂർണ്ണ പരാജയമാണ് ഡോ. എംകെ റാമിന്റെ കാര്യത്തിൽ സംഭവിച്ചത്. കഴിഞ്ഞ 15 വർഷത്തിനിടെ കേട്ടുകേൾവിയില്ലാത്ത കാര്യമാണ് ഇതെന്നും പ്രതിയുടെ ഭക്ഷണവും പണവും പൊലീസ് ഉദ്യോഗസ്ഥർ വാങ്ങിയെന്നും കോടതി രൂക്ഷമായി വിമർശിച്ചു. പ്രതിയെ രക്ഷപെടാനുള്ള പഴുത് ഡിവൈഎസ്പി ഒരുക്കി. കഴിവില്ലാത്ത ഉദ്യോഗസ്ഥനാണ് ഡിവൈഎസ്പിയെന്നും കോടതിയുടെ വിമർശനമുണ്ടായി.

എസ്‌ഐടിയെ മാറ്റി തടിയൂരാനാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടേയും സർക്കാരിന്റെയും ശ്രമമെന്നും വിമർശനമുണ്ട്. വിഷയത്തിൽ സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. വെള്ളിയാഴ്ചയ്ക്കകം മറുപടി നൽകാനാണ് നിർദേശം. ഡോ. എംകെ റാമിനെ ഹാജരാക്കിയപ്പോൾ എന്തൊക്കെ രേഖകൾ പൊലീസ് നൽകിയെന്നത് വിശദീകരിക്കണം. രേഖകൾ ഹൈക്കോടതിയിലെത്തിക്കാനും മജിസ്ട്രേറ്റ് കോടതിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നടപടിക്രമങ്ങൾ പാലിച്ചാണോ അറസ്റ്റ് എന്ന് ഹൈക്കോടതി പരിശോധിക്കും. പ്രതിയിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ആനുകൂല്യങ്ങൾ നേടിയെന്നും വിമർശനമുണ്ട്. അതിനാലാണ് പ്രതിക്ക് രക്ഷപെടാനുള്ള പഴുത് ഡിവൈഎസ്പി ഒരുക്കിയതെന്നും ഹൈക്കോടതി വിമർശിച്ചു. കഴിഞ്ഞ ദിവസം നിതിൻ രാജിന്റെ കുടുംബം നൽകിയ ഹർജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ വിമർശനം.

തിങ്കളാഴ്ച കുടകിൽവെച്ചാണ് ക്രൈംബ്രാഞ്ച് സംഘം എം കെ റാമിനെ പിടികൂടിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയെങ്കിലും മാനദണ്ഡങ്ങളും നിയമപരമായ നടപടിക്രമങ്ങളും പാലിക്കാതെയാണ് അറസ്റ്റ് എന്ന് ചൂണ്ടിക്കാട്ടി റാമിനെ വിട്ടയക്കുകയായിരുന്നു. എന്നാൽ കോടതി വളപ്പിൽ നിന്ന് വീണ്ടും റാമിനെ പൊലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതോടെ തലശ്ശേരി കോടതി സാക്ഷ്യം വഹിച്ചത് നാടകീയ നീക്കങ്ങൾക്കായിരുന്നു. തുടർന്ന് ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ച റാമിനെ ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. നിതിൻ രാജിനെ മാനസികമായി ബുദ്ധിമുട്ടിച്ചില്ലെന്നാണ് റാം അന്വേഷണസംഘത്തിന് മൊഴി നൽകിയത്. ആരെയും ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും റാം പറഞ്ഞിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe