നിപ നിയന്ത്രണങ്ങൾക്കായി 16 ടീമുകൾ രൂപീകരിച്ചു; സമ്പർക്ക പട്ടികയിൽ 75 പേർ; ജില്ലയിൽ കൺട്രോൾ റൂം തുറക്കുമെന്നും മന്ത്രി

news image
Sep 12, 2023, 7:00 am GMT+0000 payyolionline.in

കോഴിക്കോട്: നിപ ലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നാല് പേരാണ് ചികിൽസയിലുള്ളതെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർ‍‍ജ്ജ്. ഒരാൾ വെന്റിലേറ്ററിൽ ചികിത്സയിലുണ്ട്. മരിച്ച മരുതോങ്കര സ്വദേശിയുടെ ഭാര്യയും നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു. പൂനെ എൻഐവിയിൽ നിന്നുള്ള ഫലം ഇന്ന് വൈകിട്ടോടെ പുറത്തു വരും. അതിന് ശേഷം വൈകീട്ട് 6 മണിയോടെ വീണ്ടും യോഗം ചേരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നിപ നിയന്ത്രണങ്ങൾക്കായി 16 ടീമുകൾ രൂപീകരിച്ചു. ജില്ലയിൽ കൺട്രോൾ റൂം തുറക്കും, ആശുപത്രികളിലും ജാഗ്രത ശക്തമാക്കും. കൂടാതെ ആശുപതികളിലെ അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. നിപ ലക്ഷണങ്ങളുള്ളവരുമായി അടുത്ത ബന്ധം പുലർത്തിയവരെ ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റുമെന്നും നിലവിൽ സമ്പർക്ക പട്ടികയിൽ 75 പേരാണ് ഉള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, മരുതോങ്കരയിൽ പനി ബാധിച്ചു മരിച്ച ആളുമായി സമ്പർക്കം പുലർത്തിയ എല്ലാവരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നു പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ സജിത്ത്. നിപ സംശയത്തെ തുടർന്നാണ് മരിച്ചയാളുടെ കോണ്ടാക്റ്റ് ലിസ്റ്റിലുള്ളവരെ കണ്ടെത്തിയത്. ഇവരോട് ജാഗ്രത പുലർത്താൻ നിർദേശം നൽകിയിട്ടുണ്ടെന്ന് കെ സജിത്ത്  പറഞ്ഞു. ആർക്കും രോഗ ലക്ഷണങ്ങൾ ഇല്ല. പഞ്ചായത്തിൽ കണ്ട്രോൾ റൂം തുറന്നിട്ടുണ്ട്. പനി ബാധിതരെ കണ്ടെത്താൻ സർവ്വേ നടത്തുന്നുണ്ടെന്നും മരുതോങ്കര പഞ്ചായത്ത്‌ പ്രസിഡന്റ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe