നിപ ബാധിച്ച് മരിച്ച ആയഞ്ചേരി സ്വദേശിയുടെ മൃതദേഹം ഖബറടക്കി

news image
Sep 13, 2023, 2:42 am GMT+0000 payyolionline.in

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച ആയഞ്ചേരി മംഗലാടിലെ മമ്പളിക്കുനി ഹാരിസി(40)ന്റെ മൃതദേഹം കടമേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ചൊവ്വാഴ്ച രാത്രി 12.30ന് ഖബറടക്കി. കോഴിക്കോട് കോർപറേഷനിലെ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിലാണ് ഖബറടക്കിയത്.

മരുതോങ്കര കള്ളാട്ട് മുഹമ്മദലി (45), ആ‍യഞ്ചേരി മംഗലാട്ട് ഹാരിസ് (40)എന്നിവരുടെ മരണം നിപ മൂലമെന്ന് ഇന്നലെ ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിരുന്നു. മുഹമ്മദലി ആഗസ്റ്റ് 30നും ഹാരിസ് ഇക്കഴിഞ്ഞ തിങ്കളാഴ്ചയുമാണ് മരിച്ചത്. മരണത്തിൽ സംശയം തോന്നിയതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെ ലാബിലും പിന്നീട് പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്.

മുഹമ്മദലിയുടെ ഒമ്പതു വയസ്സുകാരനായ മകൻ, 25കാരനായ ഭാര്യാ സഹോദരൻ എന്നിവർക്ക് രോഗബാധ കണ്ടെത്തിയിട്ടുണ്ട്. ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. മുഹമ്മദലിയുടേത് നിപ മരണമായി കണക്കാക്കുന്നതായി ആരോഗ്യ മന്ത്രിയാണ് അറിയിച്ചത്. ഇദ്ദേഹത്തിന്റെ സ്രവം പരിശോധനക്ക് എടുത്തിരുന്നില്ല. മുഹമ്മദലിയുമായി അടുത്ത ബന്ധം പുലർത്തിയവർക്ക് രോഗം സ്ഥിരീകരിച്ചതിനാലാണ് മരണം നിപ കാരണമായി കണക്കാക്കുന്നത്.

അസ്വാഭാവിക പനി ബാധിച്ച് മുഹമ്മദലി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. ഇതിന് പിന്നാലെ അദ്ദേഹത്തിന്‍റെ ബന്ധുക്കൾക്കും സമാന രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി. ഇതിനിടെ തിങ്കളാഴ്ച ഹാരിസിനെ കടുത്ത അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഉടനെ മരിക്കുകയുമായിരുന്നു. മരിച്ച ഇരുവരും നേരത്തെ ആശുപത്രി അത്യാഹിത വിഭാഗത്തിൽനിന്ന് സമ്പർക്കമുണ്ടായിരുന്നു എന്നത് സംശയം ബലപ്പെടുത്തിയതോടെയാണ് ആരോഗ്യ വകുപ്പ് സാംപിളുകൾ പരിശോധനക്ക് അയച്ചതെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു.

168 പേർ സമ്പർക്ക പട്ടികയിൽ

നിപ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് കോഴിക്കോട് ജില്ലയില്‍ അതിജാഗ്രത നിർദേശം നല്‍കിയിട്ടുണ്ട്. ചികിത്സയിലുള്ള ഒമ്പതുവയസ്സുള്ള കുട്ടി വെന്‍റിലേറ്ററിലാണ്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് മന്ത്രി അറിയിച്ചു. 10 മാസം പ്രായമുള്ള കുഞ്ഞിന് ലക്ഷണങ്ങൾ കണ്ടെങ്കിലും ഫലം നെഗറ്റീവാണ്. മരിച്ച ഹാരിസിന്റെ ഭാര്യയും നിരീക്ഷണത്തിലാണ്. മരിച്ചവരുടെ സമ്പർക്കം പരിശോധിച്ച് 168 പേരുടെ പട്ടിക തയാറാക്കി. ഇതിൽ 158 പേർ ആദ്യം മരിച്ചയാളുമായി സമ്പർക്കമുള്ളവരാണ്. ഇതിൽ 127 പേർ ആരോഗ്യ പ്രവർത്തകരാണ്. 31 പേർ ബന്ധുക്കളും അയൽവാസികളുമാണ്. രണ്ടാമത് മരിച്ചയാളുമായി ബന്ധപ്പെട്ട് 100 പേരുടെ പട്ടിക തയാറാക്കിയിട്ടുണ്ടെങ്കിലും 10 പേരെയാണ് തിരിച്ചറിഞ്ഞത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe