നിപാ: ജില്ലയിൽ പൊതുപരിപാടികൾക്കുള്ള നിയന്ത്രണം നീട്ടി

news image
Sep 26, 2023, 3:37 am GMT+0000 payyolionline.in

കോഴിക്കോട്> നിപാ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ പൊതുപരിപാടികൾക്ക്‌ ഉൾപ്പെടെയുള്ള പൊതു നിയന്ത്രണങ്ങൾ ഒക്‌ടോബർ ഒന്നുവരെ തുടരാൻ വിദഗ്‌ധ സമിതി യോഗം തീരുമാനിച്ചു. നിപാ വൈറസ്‌ ബാധ നിയന്ത്രണവിധേയമായെങ്കിലും ജാഗ്രത പൂർണമായും കൈവിടാനാകില്ലെന്ന്‌ വിദഗ്ധ സമിതി നിർദേശിച്ചതായി കലക്ടർ എ ഗീത അറിയിച്ചു. 26ന്‌ വീണ്ടും വിദഗ്ധ സമിതി യോഗം ചേർന്ന് നിർദേശങ്ങൾ സമർപ്പിക്കുമെന്ന്  മന്ത്രി വീണാ ജോർജ് അറിയിച്ചു.

നിരീക്ഷണത്തിൽ കഴിയുന്നവർ ആരോഗ്യ വകുപ്പിന്റെ നിർദേശമനുസരിച്ച് 21 ദിവസം നിരീക്ഷണത്തിൽ തുടരണം. ഒരു നിപാ പരിശോധനാഫലം കൂടി നെഗറ്റീവായി. തിങ്കളാഴ്ച പുതിയ പോസിറ്റീവ് കേസുകൾ ഇല്ല. നിലവിൽ ചികിത്സയിലുള്ള എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്‌. നിപാ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ കോർ കമ്മിറ്റിയും വൈകിട്ട്‌ അവലോകന യോഗവും ചേർന്നു. ആരോഗ്യ മന്ത്രി വീണാ ജോർജ്‌ ഓൺലൈനായി പങ്കെടുത്തു.

വവ്വാലിന്റെയും പന്നിയുടെയും സാമ്പിളുകൾ നെഗറ്റീവ്

നിപാ ബാധിത പ്രദേശങ്ങളിൽനിന്ന്‌ ശേഖരിച്ച വവ്വാലിന്റെയും പന്നിയുടെയും സ്രവ സാമ്പിളുകൾ നെഗറ്റീവ്‌. ഭോപ്പാൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസിലേക്ക് അയച്ച 42 സാമ്പിളുകളുടെ ഫലമാണ്‌ വന്നത്‌.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe