നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കില്ല, എം.എൽ.എ സ്ഥാനം രാജിവെക്കാൻ ആവശ്യ​പ്പെട്ടത് മമത -പി.വി. അൻവർ

news image
Jan 13, 2025, 5:17 am GMT+0000 payyolionline.in

തിരുവനന്തപുരം: വനനിയമത്തിനെതിരെ മലയോര ജനതക്ക് വേണ്ടി പോരാടാൻ എം.എൽ.എ സ്ഥാനം രാജിവെച്ച് തൃണമൂൽ കോൺഗ്രസിൽ ചേരണ​മെന്ന് മമത ബാനർജി ആവശ്യ​പ്പെട്ടതിനാലാണ് നിലമ്പൂർ എം.എൽ.എ പദവി രാജിവെച്ചതെന്ന് പി.വി. അൻവർ. രാജിവെച്ച ഒഴിവിൽ വരുന്ന ഉപതെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്നും കോൺഗ്രസ് സ്ഥാനാർഥിയെ പിന്തുണക്കുമെന്നും അൻവർ തിരുവനന്തപുരത്ത് നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പോടെ രാജിവെച്ച് പാർട്ടിയിൽ ചേർന്ന് തെരഞ്ഞെടുപ്പിനെ നേരിടാമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, കൊൽക്കത്തയിൽ മമത ബാനർജിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ദീദി എന്ന് എല്ലാവരും സ്നേഹപൂർവം വിളിക്കുന്ന മമത രാജിവെക്കാൻ പറഞ്ഞത്. സ്വതന്ത്രനായി ജയിച്ച് എം.എൽ.എയായതിനാൽ മറ്റൊരു പാർട്ടിയിൽ ചേരുമ്പോൾ നിയമപ്രശ്നങ്ങൾ ഉണ്ട്. വനനിയമം നിരവധി മനുഷ്യരുടെ പ്രശ്നമായതിനാൽ കാലതാമസം പാടില്ലെന്നും ഉടൻ രാജിവെച്ച് പ്രവർത്തിക്കണമെന്നും മമത ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ കഴിഞ്ഞ 11ന് (ശനിയാഴ്ച) തന്നെ സ്പീക്കർക്ക് രാജിക്കത്ത് ഇമെയിൽ ചെയ്തിരുന്നു. എന്നാൽ, നേരിട്ട് കൈമാറണമെന്ന നിർദേശം ലഭിച്ചതിനാലാണ് ​കൊൽക്കത്തയിൽനിന്ന് വന്ന ശേഷം ഇന്ന് രാജിക്കത്ത് കൈമാറിയത് -അൻവർ പറഞ്ഞു.

ഇന്ന് രാവിലെ സ്പീക്കറെ കാണാൻ പോകുന്ന വേളയിൽ എം.എൽ.എ എന്ന ബോർഡ് അഴിച്ചുമാറ്റിയ കാറിലാണ് യാത്ര ചെയ്തത്. കഴിഞ്ഞ ദിവസമാണ് അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. സ്വതന്ത്ര എം.എൽ.എ ആയ അൻവർ മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അയോഗ്യനാകും. അൻവറിനെ മുന്നണിയിൽ ഉൾപ്പെടുത്തുന്നതിൽ യു.ഡി.എഫ് തീരുമാനം എടുത്തിരുന്നില്ല. അൻവറിന് മുൻപിൽ യു.ഡി.എഫ് വാതിൽ തുറക്കുകയോ അടക്കുക​േയാ ചെയ്തിട്ടില്ലെന്നാണ് ഇന്നലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീ​ശൻ പറഞ്ഞത്.

തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയാണ് അൻവറിന് അംഗത്വം നൽകിയത്. ഔദ്യോഗിക എക്സ് പേജിലൂടെ അൻവറിന് അംഗത്വം നൽകിയ വിവരം തൃണമൂൽ കോൺഗ്രസ് അറിയിച്ചു. രാജ്യത്തിന്റെ പുരോഗതിക്കായി അൻവറുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കി.

ഇടതുപക്ഷവുമായി തെറ്റിപ്പിരിഞ്ഞ പി.വി അൻവർ ആദ്യം ഡി.എം.കെയിലേക്ക് ചേക്കേറാനാണ് ശ്രമിച്ചത്. എന്നാൽ, ഡി.എം.കെ പ്രവേശത്തിന് പച്ചക്കൊടി കാട്ടാതിരുന്നതോടെ അതേപേരിൽ തന്നെ സംഘടന രുപീകരിച്ച് അൻവർ പ്രവർത്തനം തുടങ്ങി. പിന്നീട് യു.ഡി.എഫിലേക്ക് എത്താനായിരുന്നു അൻവറിന്റെ ശ്രമം. ഇതിനായി മുസ്‍ലിം ലീഗ് നേതൃത്വവുമായി ഉൾപ്പടെ അൻവർ ചർച്ചകൾ നടത്തി. ഇതിനിടെ ​ഡി.എഫ്.ഒ ഓഫീസ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ പി.വി അൻവറിനെ അറസ്റ്റ് ചെയ്തതോടെ നിലമ്പൂർ എം.എൽ.എക്ക് പ്രതിപക്ഷത്ത് നിന്ന് കൂടുതൽ പിന്തുണ ലഭിച്ചു. അൻവറിന്റെ യു.ഡി.എഫ് പ്രവേശനം ഉടൻ ഉണ്ടാവുമെന്ന പ്രവചനങ്ങൾക്കിടയിലാണ് അദ്ദേഹം തൃണമൂൽ കോൺഗ്രസിലേക്ക് എത്തുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe