നിലയ്ക്കൽ മുതൽ പമ്പ വരെ സൗജന്യ വാഹന സൗകര്യം: ഹര്‍ജി അനുവദിക്കരുതെന്ന് സുപ്രീം കോടതിയിൽ സംസ്ഥാന സര്‍ക്കാര്‍

news image
Jul 8, 2024, 2:54 pm GMT+0000 payyolionline.in

ദില്ലി: ശബരിമല തീർത്ഥാടകർക്കായി നിലയ്ക്കൽ മുതൽ പമ്പ വരെ സൗജന്യ വാഹന സൗകര്യം ഒരുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത്ത് സുപ്രീം കോടതിയിൽ നൽകിയ ഹർജി തള്ളണമെന്ന് സംസ്ഥാന സർക്കാർ. നിലയ്ക്കൽ മുതൽ പമ്പ വരെ റൂട്ടിൽ ബസ് സർവീസ് നടത്താൻ അധികാരം കെ.എസ്.ആർ.ടി.സിക്കാണ്. തീർത്ഥാടകർക്കായി എല്ലാ സൗകര്യങ്ങളും കെ.എസ്.ആർ.ടി.സി ഒരുക്കിയിട്ടുണ്ട്. 97 ഡിപ്പോകളിൽ നിന്ന് ബസുകൾ റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്.

ബസിൽ തീർത്ഥാടകർ നിന്നാണ് യാത്ര ചെയ്യുന്നതെന്നും വേണ്ടത്ര ബസുകൾ ഇല്ലെന്നുമുള്ള വാദം തെറ്റാണ്. സർക്കാർ ഉത്തരവ് പ്രകാരമാണ് പ്രത്യേക ചാർജ്ജ് ഈടാക്കുന്നത്. 20 ബസുകൾ വാടകയ്ക്ക് എടുത്ത് സർവീസ് നടത്തണമെന്ന ഹർജിക്കാരുടെ ആവശ്യം അംഗീകരിക്കാൻ കഴിയുന്ന തരത്തിലുള്ള സ്കീം നിലവിൽ സംസ്ഥാനത്ത് ഇല്ല. ഇങ്ങനെ സർവീസ് അനുവദിക്കുന്നത് പെർമിറ്റ് ചട്ടങ്ങളുടെ ലംഘനമാണെന്നും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കേസ് ഇന്ന് സുപ്രീം കോടതി പരിഗണിച്ചെങ്കിലും മറുപടിക്ക് കെഎസ്ആർടിസി സമയം ചോദിച്ചു. ഇതോടെ കേസ് രണ്ട് മാസം കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി വച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe