വടകര: വിവാദമായ വടകര – വില്യാപ്പള്ളി – ചേലക്കാട് റോഡ് നിർമാണം തുടങ്ങി. ആദ്യ ദിവസം ഭൂമി ഏറ്റെടുക്കുന്നതിനു ഭൂമിയുടെ ഉടമസ്ഥരായ പള്ളി കമ്മിറ്റിയും അടുത്തുള്ള സ്വകാര്യ വ്യക്തിയും വിസമ്മതം പ്രകടിപ്പിച്ചതോടെ റോഡ് നിരപ്പാക്കി മടങ്ങി. പിന്നീട് വില്യാപ്പള്ളി ഭാഗത്തേക്ക് പോയി അവിടെ ചില സ്ഥലത്ത് മതിൽ പൊളിക്കൽ നടത്തി.റോഡിനു വേണ്ടി ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരവും പൊളിക്കുന്ന മതിൽ പുനർനിർമാണവും ആവശ്യപ്പെട്ട് റോഡ് കർമസമിതി നിയമ നടപടിയുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് ഇന്നലെ നിർമാണം തുടങ്ങിയത്. വടകര നഗരസഭ പ്രദേശത്തുള്ള ഭൂരിഭാഗം ആളുകളും കോടതിയെ സമീപിച്ച സാഹചര്യത്തിൽ വില്യാപ്പള്ളി പഞ്ചായത്ത് അതിർത്തിയായ അക്ലോത്ത് നട പാലത്തിനു സമീപത്താണ് ഇന്നലെ പണി തുടങ്ങിയത്.
ആദ്യം പൂത്തോളി ജുമ മസ്ജിദിന്റെ മതിൽ പൊളിക്കാൻ ശ്രമിച്ചപ്പോൾ ഭൂമി വിട്ടു കൊടുക്കാൻ അനുമതി നൽകിയിട്ടില്ലെന്ന അഭിപ്രായം ഉയർന്നതിനെ തുടർന്ന് ആ ശ്രമം ഉപേക്ഷിച്ചു. തൊട്ടടുത്തുള്ള സാമ്പ്രിക്കുനി നബീസയുടെ സ്ഥലത്തെ മതിൽ അൽപം പൊട്ടിച്ചു. വിവരം അറിഞ്ഞ വീട്ടുകാർ വന്നു നിർമാണം നിർത്താൻ ആവശ്യപ്പെട്ടു. തുടർന്നാണ് ഭൂമി ഏറ്റെടുക്കൽ നിർത്തി റോഡ് നിരപ്പാക്കിയത്.6 വർഷം മുൻപ് 77 കോടി രൂപ ചെലവിൽ നിർമിക്കാൻ ലക്ഷ്യമിട്ട റോഡ് പണി ഭൂമി ഉടമകളുടെ വിസമ്മതത്തെ തുടർന്ന് അനിശ്ചിതത്വത്തിലായിരുന്നു.
16 കിലോമീറ്റർ ദൂരമുള്ള റോഡ് വടകര ഭാഗത്ത് 3 കിലോമീറ്റർ ദൂരം കുറച്ചു നിർമാണം തുടങ്ങാനായിരുന്നു തീരുമാനം. 12 മീറ്റർ വീതിയിലാണു നിർമാണം. വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ബിജു, വൈസ് പ്രസിഡന്റ് പൂളക്കണ്ടി മുരളി എന്നിവരുടെ നേതൃത്വത്തിലുള്ള റോഡ് നിർമാണ കമ്മിറ്റിയുടെ നേതൃത്വത്തിലാണു നടപടി തുടങ്ങിയത്.
അധികൃതരുടെ നീക്കം വെല്ലുവിളി
വടകര: വടകര–വില്യാപ്പള്ളി–ചേലക്കാട് റോഡ് വികസനവുമായി ബന്ധപ്പെട്ട് അധികൃതരുടെ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് റോഡ് ആക്‌ഷൻ കമ്മിറ്റി. അക്ലോത്ത് നടയിൽ ഭൂമി വിട്ടു നൽകാൻ സമ്മതം നൽകാത്തവരുടെ മതിലുകൾ തകർത്താണു നിർമാണ പ്രവൃത്തികൾക്കു തുടക്കം കുറിച്ചത്. ജീവിച്ചിരിപ്പില്ലാത്ത ഗൃഹനാഥൻ ഫോണിൽ സമ്മതം അറിയിച്ചു എന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാഷ്യം. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചവർക്കു പുറമേ സമ്മതപത്രം കൊടുക്കാത്തവർ ഒട്ടേറെയാണ്.