‘നീ കുഞ്ഞുങ്ങളെ പീഡിപ്പിക്കുമല്ലേടാ’ 5 വയസുകാരിയെ കൊലപ്പെടുത്തിയ പ്രതിക്ക് സഹതടവുകാരന്റെ മര്‍ദനം

news image
Aug 19, 2025, 5:21 am GMT+0000 payyolionline.in

തൃശൂർ∙ ആലുവയിൽ 5 വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് വിയ്യൂർ ജയിലിൽ മർദനം. ബിഹാർ സ്വദേശി അസഫാക് ആലത്തിനാണ് (30) മർദനമേറ്റത്. ഇന്നലെ സഹതടവുകാരനുമായാണ് അസഫാക് അടിയുണ്ടാക്കിയത്. സഹതടവുകാരൻ രഹിലാൽ സ്പൂൺ ഉപയോഗിച്ച് തലയിൽ അടിച്ചതിനെ തുടർന്ന് പരുക്കേറ്റ അസഫാക്കിനെ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം സെല്ലിലടച്ചു. തലയിൽ തുന്നലിടേണ്ടിവന്നു. അസഫാക് ആലത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. ഇരുവരെയും ജയിൽ മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്.

ആലുവയിൽ അതിഥിതൊഴിലാളി കുടുംബത്തിലെ 5 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ അസഫാക് ആലത്തിനെ (30) മരണംവരെ തൂക്കിലേറ്റാൻ വിചാരണക്കോടതി വിധിച്ചിരുന്നു. 3 പോക്സോ കുറ്റങ്ങളിൽ 5 ജീവപര്യന്തവും വിധിച്ചു. ഇതനുസരിച്ച് ജീവിതാവസാനംവരെ ജയിലിൽ കഴിയണം. 2023 ജൂലൈ 28 നാണു കുറ്റകൃത്യം നടന്നത്. അന്നു രാത്രി തന്നെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു റെക്കോര്‍ഡ് വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. അതീവ ഗൗരവമുള്ള കേസായി പരിഗണിച്ച് അതിവേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കുകയായിരുന്നു. അസഫാക് ആലം മാത്രമാണ് കേസിലെ പ്രതി.

കുഞ്ഞിനെ അസഫാക് ആലം വിളിച്ചുകൊണ്ടുപോയി ക്രൂരമായ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. ജൂലൈ 29 ന് രാവിലെ ആലുവ മാര്‍ക്കറ്റ് പരിസരത്ത് ചാക്കില്‍ കെട്ടിയ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ലഹരിക്കടിമയായ പ്രതി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ജൂസ് വാങ്ങി നല്‍കിയ ശേഷമാണ് ലൈംഗികാതിക്രമത്തിന് ഇരയാക്കി കൊലപ്പെടുത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe