ബംഗളൂരു: നീറ്റ് യു.ജി, പി.ജി പരീക്ഷ എഴുതിയ വിദ്യാർഥിക്ക് ഫലപ്രഖ്യാപനത്തിനുശേഷം കാറ്റഗറിയിൽ മാറ്റം വരുത്താനാവില്ലെന്ന് ഹൈക്കോടതി. ഈ വർഷം നീറ്റ് പി.ജി. പരീക്ഷ എഴുതിയ സി. അനുഷ എന്ന വിദ്യാർഥിനിയുടെ ഹരജിയിലാണ് ഉത്തരവ്.
മാർച്ച് ഏഴിനായിരുന്നു അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി. അപേക്ഷകളിലെ തെറ്റ് തിരുത്താൻ മൂന്നുദിവസം നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻ ഇൻ മെഡിക്കൽ സയൻസസ് അനുവദിച്ചിരുന്നു.
ആഗസ്റ്റ് 19ന് ഫലം വന്നശേഷമാണ് താൻ നെയ്ത്തുസമുദായത്തിൽപെട്ട ആളാണെന്നും ജനറൽ മെറിറ്റിൽനിന്ന് ഒ.ബി.സിയിലേക്ക് കാറ്റഗറി മാറ്റണമെന്നുമാവശ്യപ്പെട്ടത്. ബോർഡിനും മെഡിക്കൽ കൗൺസലിങ് കമ്മിറ്റിക്കും വേണ്ടി ഹാജരായ ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ ശാന്തി ഭൂഷൺ ഹരജിയെ എതിർത്തു. തെറ്റുതിരുത്തൽ അവസരം ഉപയോഗപ്പെടുത്താതെ, ഇപ്പോൾ നൽകുന്ന അപേക്ഷ അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് ഡിവിഷൻ ബെഞ്ച് ഹരജി തള്ളുകയായിരുന്നു.