കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ കുട്ടിയുടെ മരണത്തില്‍ നെടുമ്പാശേരി പൊലീസ് കേസെടുത്തു. പ്രാഥമിക പരിശോധന പൂർത്തിയായി. ഇന്ന് ഉച്ചയോടെയാണ് ദാരുണ സംഭവം ഉണ്ടായത്. മാലിന്യക്കുഴിയില്‍ വീണ് 3 വയസുകാരൻ റിതാൻ രാജുവാണ് മരിച്ചത്. രാജസ്ഥാനില്‍ നിന്ന് എത്തിയ യാത്രാക്കാരുടെ ഇളയകുഞ്ഞാണ് അപകടത്തിൽപ്പെട്ടത്.
ഉച്ചയ്ക്ക് 12.30 ഓടെ രക്ഷിതാക്കൾ സമീപത്തുള്ള കഫേയിൽ ഭക്ഷണം കയറിയപ്പോഴാണ് ആണ് അപകടം നടന്നത്. രക്ഷിതാക്കൾ കഫെയ്ക്കുള്ളിലായിരുന്ന സമയത്ത് മൂത്ത കുട്ടിക്ക് ഒപ്പം പുറത്ത് നിന്നും കളിക്കുകയായിരുന്ന കുട്ടി, മാലിന്യം നിറഞ്ഞ കുഴിയിലേക്ക് വീഴുകയായിരുന്നു. 10 മിനിറ്റോളം കുട്ടി 4 അടി താഴ്ചയുള്ള കുഴിയിൽ കിടന്നതിന് ശേഷമാണ് അപകടവിവരം രക്ഷിതാക്കൾ അറിയുന്നത്. സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടിയുടെ മരണത്തിൽ അനുശോചിച്ചും സംഭവത്തിൽ വിശദീകരണം നൽകിയും സിയാലിന്റെ ഒരു വാർത്തക്കുറിപ്പ് ഇറങ്ങിയിട്ടുണ്ട്. നടവഴിയിൽ അല്ല അപകടം നടന്നതെന്നും പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത സ്ഥലത്താണ് അപകടം നടന്നത് എന്നുമാണ് വാർത്തക്കുറിപ്പില്‍ പറയുന്നത്. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് കുട്ടി മാലിന്യക്കുഴിയിൽ വീണു എന്ന് വ്യക്തമാകുന്നത്. മാതാപിതാക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നു എന്ന് വാർത്താക്കുറിപ്പ് പറയുന്നു.