കൊച്ചി: കൊച്ചിയിൽ നിന്നു പുറപ്പെട്ട 2 വിമാനങ്ങൾക്ക് നേരെ ഇന്നും വ്യാജ ബോംബ് ഭീഷണി. എയർ ഇന്ത്യയുടെ കൊച്ചി-ലണ്ടൻ ഗാറ്റ്‍വിക് (എഐ 149) വിമാനത്തിനും കൊച്ചി-ബെംഗളുരു- ലക്നൗ (6ഇ 196) വിമാനത്തിനും നേരെയാണ് ബോംബ് ഭീഷണി ഉണ്ടായത്. ബോംബ് ഭീഷണി പരിശോധിക്കാൻ രണ്ടു തവണ ബോംബ് ത്രെട്ട് അസസ്മെന്റ് കമ്മിറ്റി (ബിറ്റിഎസി) യോഗം ചേർന്ന് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി. രണ്ടു വിമാനങ്ങളും പുറപ്പെട്ട് മണിക്കൂറുകൾ കഴിഞ്ഞായിരുന്നു വിമാനക്കമ്പനികളുടെ ‘എക്സ്’ (മുൻ ട്വിറ്റർ) അക്കൗണ്ടിലേക്ക് ഭീഷണി സന്ദേശമെത്തിയത്.
ഉച്ച കഴിഞ്ഞ് 3.04നാണ് എയർ ഇന്ത്യക്ക് ഭീഷണി സന്ദേശമെത്തിയത്. കൊച്ചിയിൽ നിന്ന് വിമാനം ഉച്ചയ്ക്ക് 12.06ന് ലണ്ടനിലേക്ക് പുറപ്പെട്ടിരുന്നു. ഇന്ത്യൻ സമയം വൈകിട്ട് രാത്രി 10.25നാണു (ബ്രിട്ടീഷ് സമയം വൈകിട്ട് 6.15) ഇത് ഗാറ്റ്‍വിക് വിമാനത്താവളത്തിൽ എത്തേണ്ടത്. വിമാനം പുറപ്പെട്ട് 3 മണിക്കൂറിനു ശേഷമാണ് ഭീഷണി സന്ദേശം എത്തിയത്. പിന്നാലെ ബിറ്റിഎസി യോഗം ചേർന്ന് ഇത് വ്യാജ ഭീഷണിയാണെന്ന നിഗമനത്തിലെത്തി.
വൈകിട്ട് 4.04നാണ് ഇൻഡിഗോ വിമാനത്തിനുള്ള ഭീഷണി സന്ദേശം കമ്പനിയുടെ ‘എക്സ്’ അക്കൗണ്ടിലെത്തിയത്. രാവിലെ 11.35ന് നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഉച്ചയ്ക്ക് 12.13ന് ബെംഗളുരുവിലേക്ക് പുറപ്പെട്ടിരുന്നു. ഉച്ചയ്ക്ക് 1.01ന് ഇത് ബെംഗളുരു വിമാനത്താവളത്തിലെത്തി. അവിടെ നിന്ന് 1.52ന് ലക്നൗവിലേക്ക് പുറപ്പെട്ട വിമാനം 4.19ന് ലക്ഷ്യസ്ഥാനത്തെത്തി. ഭീഷണി സന്ദേശം ലഭിച്ചതിനു പിന്നാലെ ബിറ്റിഎസി യോഗം ചേർന്ന് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ദിവസവും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണിയുണ്ടായിരുന്നു. എന്നാൽ ഇത് വ്യാജമാണെന്ന് പിന്നീട് കണ്ടെത്തി. കഴിഞ്ഞ 6 ദിവസത്തിനുള്ളിൽ നൂറിലേറെ ബോംബ് ഭീഷണികളാണ് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ ലഭിച്ചത്.