കോഴിക്കോട് ∙ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മൈതാനം ഇത്തവണ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം. ഫെബ്രുവരി 14ന് ആരംഭിക്കുന്ന പുതിയ ഐഎസ്എൽ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ 7 മത്സരങ്ങൾക്ക് കോഴിക്കോട് വേദിയാകും. ഇതു സംബന്ധിച്ച് ബ്ലാസ്റ്റേഴ്സ് ടീം മാനേജ്മെന്റും കേരള ഫുട്ബോൾ അസോസിയേഷനും തമ്മിൽ തത്വത്തിൽ ധാരണയായി. സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം കോഴിക്കോട്ട് ഫെബ്രുവരി അവസാനവാരം നടക്കാനാണ് സാധ്യത.
ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സ് പങ്കെടുക്കും; എല്ലാവരുമായും സഹകരിച്ച് മുന്നോട്ടു പോകുമെന്ന് മാനേജ്മെന്റ്മുൻ സീസണുകളിൽ ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായിരുന്ന കൊച്ചി കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ നവീകരണ ജോലികൾ പൂർത്തിയാകാത്തതിനാലാണ് ടീം കോഴിക്കോട്ടേക്ക് മാറുന്നത്. മലപ്പുറം മഞ്ചേരി സ്റ്റേഡിയത്തെയും ഹോം ഗ്രൗണ്ടായി പരിഗണിച്ചിരുന്നെങ്കിലും മെച്ചപ്പെട്ട സൗകര്യങ്ങൾ കോഴിക്കോടിന് അനുകൂലഘടകമായി. കഴിഞ്ഞ സൂപ്പർലീഗ് കേരള സീസണിൽ മലപ്പുറം എഫ്സി–കോഴിക്കോട് എഫ്സി മത്സരം കാണാൻ 34,000 പേർ ഗാലറിയിലെത്തിയത് ചരിത്രമായിരുന്നു. സ്റ്റേഡിയം നിറച്ചെത്തുന്ന മലബാറിലെ ഫുട്ബോൾ പ്രേമികളുടെ ആവേശം ഈ സീസണിൽ തങ്ങൾക്കു കരുത്താകുമെന്നാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷ.
കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ കോഴിക്കോട് സ്റ്റേഡിയത്തിലേക്ക് വരുന്നത് ഫുട്ബോളിന് പുത്തൻ ഉണർവായിരിക്കും. സൂപ്പർ ലീഗ് കേരളയിൽ മത്സരങ്ങൾ കാണാൻ കാണികളുടെ ഒഴുക്ക് ശ്രദ്ധേയമായിരുന്നുഡിസംബറിൽ നടന്ന സൂപ്പർ ക്രോസ് ഇന്ത്യ ബൈക്ക് റേസിങ് ലീഗിനു ശേഷം കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലെ മൈതാനം നശിച്ചത് വിവാദമായിരുന്നു. എന്നാൽ നവീകരണ ജോലികൾ പൂർത്തിയാക്കി ഫെബ്രുവരി പകുതിയോടെ മൈതാനം രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുമെന്നാണ് സംഘാടകർ പറയുന്നത്. ഐ ലീഗിൽ ഗോകുലം കേരള എഫ്സിയുടെയും സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്സിയുടെയും ഹോം ഗ്രൗണ്ടായ കോർപറേഷൻ സ്റ്റേഡിയം നിലവിൽ കേരള ഫുട്ബോൾ അസോസിയേഷനാണ് പരിപാലിക്കുന്നത്.
