തലശ്ശേരി: ന്യൂമാഹി കല്ലായി ചുങ്കത്ത് രണ്ട് ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകരെ വെട്ടിക്കൊന്ന കേസിന്റെ വിചാരണ തലശ്ശേരി അഡീഷനൽ സെഷൻസ് കോടതി(മൂന്ന്)യിൽ ബുധനാഴ്ച ആരംഭിച്ചു.
കേസിലെ രണ്ടും നാലും പ്രതികളായ കൊടി സുനിയും മുഹമ്മദ് ഷാഫിയും ഉൾപ്പെടെയുള്ള 14 പ്രതികൾ വിചാരണക്കായി കോടതിയിൽ ഹാജരായി. കേസിലെ രണ്ടാം സാക്ഷി ഇ. സുനിൽ കുമാർ ഒമ്പതു പ്രതികളെ കോടതിയിൽ തിരിച്ചറിഞ്ഞു. സംഭവ സ്ഥലത്ത് ഉപയോഗിച്ച മോട്ടോർ ബൈക്ക്, മൊബൈൽ ഫോൺ, വാൾ, എന്നിവ തിരിച്ചറിഞ്ഞു.
ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകരായ പളളൂരിലെ മാടോമ്പുറംകണ്ടി വീട്ടിൽ വിജിത്ത് (24), കുറുന്തോറത്ത് ഹൗസിൽ സിനോജ് (32) എന്നിവരാണ് കൊല്ലപ്പെട്ടത്. 2010 മേയ് 28ന് രാവില 11നാണ് കേസിനാസ്പദമായ സംഭവം. ബോംബെറിഞ്ഞ ശേഷം വെട്ടികൊലപ്പെടുത്തിയെന്നാണ് കേസ്.
സി.പി.എം പ്രവർത്തകരായ പള്ളൂർ കോയ്യോട്ടു തെരുവിലെ ടി. സുജിത്ത് (36), ചൊക്ലി നിടുമ്പ്രത്തെ കൊടി സുനി (40), (40), ടി.കെ. സുമേഷ് (43), കെ.കെ. മുഹമ്മദ് ഷാഫി (40), എ.കെ. ഷമ്മാസ് (35), ടി.പി. ഷമിൽ (37), കെ.കെ. അബ്ബാസ് (35), പി.പി. രാഹുൽ (33), വിനീഷ് (44), ടി.കെ. രജികാന്ത് (35), വി.വി. വിജിത്ത് (40), മുഹമ്മദ് റജീസ് (34), കെ. ഷിനോജ് (36), ഫൈസൽ (42), കെ.പി. സരീഷ് (40), ടി.പി. സജീർ ((36) എന്നിവരാണ് പ്രതികൾ.
ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ കൊടി സുനിയും കെ.കെ. മുഹമ്മദ് ഷാഫിയും ഈ കേസിലെ രണ്ടും നാലും പ്രതികളാണ്. ഇവർ ഉൾപ്പെടെ 14 പ്രതികൾ ബുധനാഴ്ച കോടതിയിൽ ഹാജരായിരുന്നു. 16 പ്രതികളിൽ രണ്ടു പേർ മരിച്ചു. സംഭവസമയത്ത് മാഹി കോടതിയിൽ നിന്ന് കേസ് കഴിഞ്ഞ് ബൈക്കിൽ പള്ളൂർ ഭാഗത്തേക്ക് പോവുകയായിരുന്ന വിജിത്തിനെയും സിനോജിനെയും ന്യൂമാഹി കല്ലായി ചുങ്കത്ത് പ്രതികൾ ബോംബെറിഞ്ഞ് വീഴ്ത്തുകയായിരുന്നു.
പ്രാണരക്ഷാർഥം സമീപത്തെ ആട് ഫാമിലേക്ക് ഓടിക്കയറിയ ഇരുവരെയും പ്രതികൾ സംഘം ചേർന്ന് വാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. തുടർന്ന് അക്രമികൾ സമീപത്തെ ഇടവഴിയിലൂടെ രക്ഷപ്പെട്ടുവെന്നാണ് കേസ്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പരോളിൽ കഴിയുന്ന കൊടി സുനിക്ക് വിചാരണക്ക് ഹാജരാകുന്നതിനായി കണ്ണൂർ ജില്ലയിൽ പ്രവേശിക്കാൻ വിലക്കേർപ്പെടുത്തിയ പരോൾ ഉപാധിയിൽ ഇളവ് നൽകിയിരുന്നു.
സംഭവസമയത്ത് തലശ്ശേരി ഡിവൈ.എസ്.പിയായിരുന്ന പ്രിൻസ് അബ്രഹാം, സി.ഐ യു. പ്രേമൻ എന്നിവരാണ് കേസ് അന്വേഷിച്ചത്. ഡിവൈ.എസ്.പി ആയിരുന്ന എ.പി. ഷൗക്കത്തലിയാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. സാക്ഷിയുടെ ക്രോസ് വിസ്താരവും ഇന്നലെ നടന്നു. വിസ്താരം വ്യാഴാഴ്ചയും തുടരും. പ്രോസിക്യൂഷന് വേണ്ടി പി. പ്രേമരാജനും പ്രതിഭാഗത്തിന് വേണ്ടി അഡ്വ. സി.കെ. ശ്രീധരൻ, അഡ്വ. കെ. വിശ്വൻ എന്നിവരും ഹാജരായി.