പക്ഷിപ്പനി: കോഴിക്കോട്ട് 1014 പക്ഷികളെ കൂടി കൊന്നു; മുട്ടയും തീറ്റയും നശിപ്പിച്ചു, ജാഗ്രത തുടരുന്നു

news image
Mar 23, 2026, 2:42 am GMT+0000 payyolionline.in

കോഴിക്കോട്: ജില്ലയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത വിവിധ മേഖലകളിൽ പ്രതിരോധ നടപടിയുടെ ഭാഗമായി വളർത്തുപക്ഷികളെ കൊന്നൊടുക്കുന്നപ്രക്രിയ പൂർത്തിയായി. രണ്ടാം ദിനമായ ഞായറാഴ്ച മാത്രം 1014 പക്ഷികളെയാണ് കൊന്നൊടുക്കിയത്. ഇതോടൊപ്പം 281 മുട്ടകളും 95 കിലോ തീറ്റയും ശാസ്ത്രീയമായി നശിപ്പിച്ചു. കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ മാത്രം 433 പക്ഷികളെ നശിപ്പിച്ചു.

കക്കോടി, ഒളവണ്ണ, നല്ലളം പഞ്ചായത്തുകളിലെ ചില വീടുകളിൽ ഉടമസ്ഥരുടെ ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധം ഉയർന്നത് ആദ്യഘട്ടത്തിൽ ദ്രുതകർമസേനയെ കുഴപ്പിച്ചു. അസുഖമില്ലാത്ത പക്ഷികളെ കൊല്ലരുതെന്നായിരുന്നു ഇവരുടെ ആവശ്യം. തുടർന്ന് ഞായറാഴ്ച പോലീസ് സംരക്ഷണയിലാണ് ഓരോ വാർഡിലുമുള്ള ഇത്തരം വീടുകളിൽ സേന എത്തിയത്. മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള 19 സ്ക്വാഡുകളാണ് ഞായറാഴ്ച കർമ്മനിരതമായത്.

ശനിയാഴ്ച ആരംഭിച്ച നടപടികളിലൂടെ ഇതുവരെ ആകെ 2251-ഓളം പക്ഷികളെ കൊന്നൊടുക്കിയതായാണ് പ്രാഥമിക കണക്ക്. കൃത്യമായ കണക്കുകൾ തിങ്കളാഴ്ചയോടെ അധികൃതർ പുറത്തുവിടും. പക്ഷിപ്പനി സ്ഥിരീകരിച്ച ഒളവണ്ണ, കക്കോടി, പനങ്ങാട്, പെരുമണ്ണ പഞ്ചായത്തുകളിലും കോർപ്പറേഷനിലെ കൊളത്തറ, ചെറുവണ്ണൂർ ഈസ്റ്റ് എന്നിവിടങ്ങളിലെയും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെയാണ് ഇല്ലാതാക്കിയത്.

രോഗം സ്ഥിരീകരിച്ച കേന്ദ്രങ്ങൾക്ക് പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള സർവൈലൻസ് സോണിൽ കടുത്ത നിയന്ത്രണങ്ങൾ തുടരുകയാണ്. വളർത്തുപക്ഷികൾ, മുട്ട, ഇറച്ചി, കാഷ്ടം, ഫ്രോസൺ മീറ്റ് എന്നിവയുടെ വിപണനത്തിനും കൈമാറ്റത്തിനും ഏർപ്പെടുത്തിയ നിരോധനം കർശനമായി പാലിക്കാൻ അധികൃതർ നിർദ്ദേശിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe